എഐ സാങ്കേതികവിദ്യയിൽ യാത്രക്കാർക്ക് മികച്ച സേവനം; എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡിജിറ്റൽ സഹായികയായ 'ടിയ' (Tia) എന്ന എഐ സംവിധാനത്തിനാണ് ഈ പുരസ്കാര നേട്ടം.

എഐ സാങ്കേതികവിദ്യയിൽ യാത്രക്കാർക്ക് മികച്ച സേവനം; എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം
dot image

യാത്രക്കാർക്ക് എഐ സാങ്കേതികവിദ്യയിലൂടെ വേഗത്തിലും ലളിതമായും മികച്ച സേവനങ്ങൾ നൽകിയതിന് എയർ ഇന്ത്യ എക്സ്പ്രസിന് ആഗോളതലത്തിൽ വീണ്ടും അംഗീകാരം. യുബിഎസ് ഫോറംസ് സംഘടിപ്പിച്ച 25-ാമത് ഉച്ചകോടിയിലാണ് 'ഉപഭോക്ത്യ അനുഭവത്തിൽ എഐയുടെ മികച്ച ഉപയോഗം' എന്ന പുരസ്കാരം വിമാനക്കമ്പനിക്ക് ലഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡിജിറ്റൽ സഹായികയായ 'ടിയ' (Tia) എന്ന എഐ സംവിധാനത്തിനാണ് ഈ പുരസ്കാര നേട്ടം.

ഡിജിറ്റൽ സേവനങ്ങൾ സുഗമമാക്കാൻ 2021-ൽ ഇന്ത്യയിലെ ഒരു വിമാനക്കമ്പനി ആദ്യമായി അവതരിപ്പിച്ച ചാറ്റ്ബോട്ട് അധിഷ്ഠിത സഹായ സംവിധാനമാണ് ടിയ. യാത്രക്കാരുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും ആവശ്യങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനും ടിയയ്ക്ക് സാധിക്കുന്നുണ്ട്. നിലവിൽ കമ്പനിയുടെ 75 ശതമാനത്തോളം ഉപഭോക്തൃ ആവശ്യങ്ങളും ടിയയിലൂടെത്തന്നെ നേരിട്ട് പരിഹരിക്കപ്പെടുന്നുണ്ട് എന്നത് വലിയ നേട്ടമാണ്.

ടിക്കറ്റ് ബുക്കിംഗ്, ക്യാൻസലേഷൻ, റീഫണ്ട് വിവരങ്ങൾ, ഫ്ലൈറ്റ് സ്റ്റാറ്റസ്, ബാഗേജ് സംബന്ധമായ സംശയങ്ങൾ തുടങ്ങി നൂറിലധികം കാര്യങ്ങൾ യാത്രക്കാർക്ക് ടിയ വഴി സ്വയം ചെയ്യാനാകും. പ്രതിദിനം ശരാശരി 15,000-ത്തോളം അന്വേഷണങ്ങളാണ് ടിയ കൈകാര്യം ചെയ്യുന്നത്. വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, വാട്ട്‌സ്ആപ്പ്, കോൺടാക്ട് സെന്റർ എന്നിവയിലൂടെ ഏത് സമയത്തും ടിയയുടെ സേവനം യാത്രക്കാർക്ക് ലഭ്യമാണ്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പശ്ചിമേഷ്യൻ മേഖലയിലുണ്ടായ യാത്രാ തടസ്സങ്ങളുടെ സമയത്തും ടിയയുടെ പ്രകടനം വേറിട്ടുനിന്നു. അന്ന് എയർ ഇന്ത്യ എക്സ്പ്രസിന് ലഭിച്ച അന്വേഷണങ്ങളിൽ അഞ്ചിൽ നാലും വിജയകരമായി കൈകാര്യം ചെയ്യാൻ ഈ എഐ സംവിധാനത്തിന് സാധിച്ചു. യാത്രാ തീയതി മാറ്റൽ, റദ്ദാക്കൽ, റീ-ഷെഡ്യൂളിംഗ് തുടങ്ങിയ നടപടികൾ യാത്രക്കാർക്ക് വേഗത്തിൽ പൂർത്തിയാക്കാൻ ഇതിലൂടെ കഴിഞ്ഞു.

അടുത്തിടെ ബജറ്റ് വിമാനക്കമ്പനികൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന അംഗീകാരമായ സ്കൈട്രാക്സിന്റെ 'ഫോർ സ്റ്റാർ വേൾഡ് എയർലൈൻ റേറ്റിംഗ്' എയർ ഇന്ത്യ എക്സ്പ്രസ് സ്വന്തമാക്കിയിരുന്നു. വിമാനത്തിനുള്ളിലെ മികച്ച സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ രംഗത്തും മുന്നേറ്റം കുറിക്കാൻ കമ്പനിക്ക് സാധിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ പുരസ്കാരം. വരും ദിവസങ്ങളിൽ കൂടുതൽ ഭാഷകളിലുള്ള പിന്തുണയും വിപുലമായ സേവനങ്ങളും ടിയയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Content Highlights: Air India Express has received an award for its use of artificial intelligence technology in passenger services. The recognition highlights the airline’s application of AI-based solutions aimed at improving services and the overall passenger experience. The award reflects the airline’s ongoing use of technology across its operations.

dot image
To advertise here,contact us
dot image