

യുഎഇയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാനയാത്രകള്‍ കൂടുതല്‍ എളുപ്പമാകുന്നതിനിതായി 'വണ്‍ പോയിന്റ് എയര്‍ ട്രാവലേഴ്സ്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിമാനം ഇറങ്ങിയ ശേഷം എമിഗ്രേഷന്‍ നടപടികള്‍ ഇല്ലാതെ തന്നെ പുറത്ത് കടക്കാന്‍ കഴിയുന്നതാണ് പദ്ധതി. യുഎഇ, ബഹ്‌റൈന്‍ പൗരന്മാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ സേവനം ലഭ്യമാക്കുന്നത്. എന്നാല്‍ അധികം വെകാതെ പ്രവാസികള്‍ക്കും പുതിയ സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യാനാകും.
വിമാനമിറങ്ങിയ ശേഷം ഇമിഗ്രേഷന്‍ നടപടികള്‍ക്കായി ഏറെ നേരം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് പുതിയ പദ്ധതി. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ചുകൊണ്ടാണ് വണ്‍ പോയിന്റ് എയര്‍ ട്രാവലേഴ്സ്' എന്ന പേരില്‍ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
സാധാരണയായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ പുറപ്പെടുന്ന വിമാനത്താവളത്തിലും എത്തുന്ന വിമാനത്താവളത്തിലും പാസ്പോര്‍ട്ട് പരിശോധനയും ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ പദ്ധതിയിലൂടെ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് തന്നെ രണ്ട് രാജ്യങ്ങളിലേയും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കാന്‍ കഴിയും.
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും യാത്ര ചെയ്യുന്നവര്‍ക്ക് വിമാനമിറങ്ങിയാല്‍ പരിശോധനകള്‍ക്കായി കാത്തുനില്‍ക്കാതെ നേരിട്ട് പുറത്തേക്ക് പോകാനും എത്തിഹാദ് എയര്‍വേയ്സ്, ഗള്‍ഫ് എയര്‍ എന്നീ വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ യുഎഇ, ബഹ്റൈന്‍ പൗരന്മാര്‍ക്ക് മാത്രമായും സേവനം ചുരുക്കിയിട്ടുണ്ട്. എന്നാല്‍ വരും മാസങ്ങളില്‍ പ്രവാസികള്‍ക്കും മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാക്കും. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ബയോമെട്രിക് സംവിധാനങ്ങള്‍, ഇ ഗേറ്റുകള്‍, ഇലക്ട്രോണിക് ഡാറ്റാ എന്നിവ വഴിയാണ് ഈ ആധുനിക സംവിധാനം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഇതിലൂടെ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: UAE and Bahrain launched a new travel project to ease passenger movement between the two countries. Passengers arriving in Bahrain from the UAE will not need to undergo immigration procedures. The initiative aims to reduce waiting time and improve travel efficiency.