

തിരുവനന്തപുരം: പിഎസ്സി ചെയര്‍മാനെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കിയ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നടപടിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മന്ത്രി എ പി അനില്‍കുമാര്‍. സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇവിടെയുണ്ട്. ഗവര്‍ണറുടെ തീരുമാനം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്ഭവന് മറ്റൊരു അധികാര കേന്ദ്രമാക്കാന്‍ പാടില്ല. സെക്രട്ടറിയേറ്റ് ആണ് ഭരണസിരാ കേന്ദ്രം. ഗവര്‍ണര്‍ എടുത്ത തീരുമാനത്തെ പിന്തുണച്ചാല്‍ നാളെ പ്രത്യാഘാതം വളരെ വലുതായിരിക്കും. നാളെ എന്തിനും രാജ്ഭവന് ഇടപെടുന്ന സാഹചര്യമുണ്ടാകും. രാജ്ഭവന് ഇത്തരം തീരുമാനമെടുത്താല്‍ പിന്നെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ എന്തിനാണെന്നും എ പി അനില്‍കുമാര്‍ ചോദിച്ചു.
ഫെഡറല്‍ സംവിധാനത്തിന്റെ മുകളില്‍ രാജ്ഭവന് ഇടപെടുന്നത് ശരിയായ നിലപാടല്ല. സര്‍ക്കാര്‍ അറിയാതെ എടുക്കുന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ മന്ത്രി കെ മുരളീധരന്റെ അഭിപ്രായത്തിൽ അനിൽ കുമാർ മറുപടി പറഞ്ഞില്ല.
പിഎസ്സി ചെയര്‍മാനെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണറായിരുന്ന രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പാണ് രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. പരീക്ഷാക്രമക്കേട് പരാതിയിലാണ് നടപടി.
സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു സുപ്രധാന നീക്കം. ചെയര്മാന് എം ആര് ബൈജു അടക്കം 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. പിഎസ്സി ഗുരുതരമായ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. അന്വേഷണത്തില്‍ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ തന്നെ നേരിട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനമുണ്ടായത്. പരാതികളുടെ പകര്‍പ്പും മാധ്യമ വാര്‍ത്തകളും അടക്കമാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
അതേസമയം, പിഎസ്സി അഴിമതിയുടെ സ്ഥാപനമായി മാറിയെന്നും അതുകൊണ്ടാകാം ഗവര്‍ണര്‍ ഈ തീരുമാനമെടുത്തതെന്നുമായിരുന്നു മന്ത്രി കെ മുരളീധരന്റെ പ്രതികരണം. പിഎസ്സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമായി പിഎസ്സി മാറും. അതുകൊണ്ടായിരിക്കും ഗവര്‍ണര്‍ ഈ തീരുമാനം എടുത്തതെന്നും കെ മുരളീധരന് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
പിഎസ്സിക്ക് എതിരെയുള്ള നിലപാടാണ് സര്‍ക്കാരിന്റേതെന്നും കെ മുരളീധരന് വിമര്‍ശിച്ചു. അഴിമതിക്കെതിരായ നിലപാടാണ് സര്‍ക്കാരിന്റേത്. എന്തുപറഞ്ഞാലും ബിജെപി ബന്ധം പറയുന്നത് ശരിയല്ല. ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Content Highlights: kerala minister ap anilkumar criticises rajendra arlekar over psc decision