ആ​ഗോള പ്രതിസന്ധിക്കിടയിലും അറബ് മേഖല വളർച്ചയുടെ പാതയിൽ; പ്രശംസയുമായി ഐഎംഎഫ് മേധാവി

മേഖലയുടെ സമീപകാല പ്രകടനം ഹ്രസ്വകാല പിന്തുണാ നടപടികളേക്കാള്‍ സുസ്ഥിരമായ പരിഷ്‌കാരങ്ങളുടെ ഫലമാണ്

ആ​ഗോള പ്രതിസന്ധിക്കിടയിലും അറബ് മേഖല വളർച്ചയുടെ പാതയിൽ; പ്രശംസയുമായി ഐഎംഎഫ് മേധാവി
dot image

അറബ് സാമ്പത്തിക വ്യവസ്ഥയെ പ്രശംസിച്ച് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ. ആഗോള പ്രതിസന്ധികള്‍ക്കിടയിലും അറബ് മേഖല വളര്‍ച്ചയുടെ പാതിയിലാണെന്ന് ക്രിസ്റ്റലീന പറഞ്ഞു. ദുബായില്‍ അറബ് ഫിസ്‌ക്കല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഐഎംഎഫ് മേധാവി.

ആഗോളതലത്തില്‍ സാമ്പത്തിക മേഖല പ്രതിസന്ധി നേരിടുമ്പോഴും അറബ് സമ്പദ് വ്യവസ്ഥ പോസിറ്റീവ് വളര്‍ച്ച കൈവരിക്കുകയാണ് എന്ന് ഐഎംഎഫ് മേധാവി പറഞ്ഞു. ലോകം ഭൗമരാഷ്ട്രീയം, വ്യാപാര നയം, സാങ്കേതികവിദ്യ, ജനസംഖ്യാശാസ്ത്രം എന്നിവയില്‍ അഗാധമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഇതിനിടയിലും അറബ് മേഖല വളര്‍ച്ചയുടെ വേഗത നിലനിര്‍ത്തുകയും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മേഖലയുടെ സമീപകാല പ്രകടനം ഹ്രസ്വകാല പിന്തുണാ നടപടികളേക്കാള്‍ സുസ്ഥിരമായ പരിഷ്‌കാരങ്ങളുടെ ഫലമാണ്. ആ പുരോഗതി വരുമാന, ചെലവ് നയങ്ങളിലേക്കും വ്യാപിച്ചു. പകര്‍ച്ചവ്യാധിയുടെ സമയത്ത്, ജിസിസി രാജ്യങ്ങള്‍ ആഗോള മിനിമം കോര്‍പ്പറേറ്റ് വരുമാന നികുതി സ്വീകരിക്കുന്നതിനൊപ്പം മൂല്യവര്‍ധിത നികുതിയും എക്സൈസ് നികുതികളും അവതരിപ്പിച്ചു. ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ എന്നിവ നികുതി അടിത്തറകള്‍ വിശാലമാക്കി, ഭരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഡിജിറ്റലൈസേഷനും വിപുലീകരിച്ചു. 'കോവിഡിന്റെ ഏറ്റവും ദുഷ്‌കരമായ സമയങ്ങളില്‍ പോലും ഈ മേഖല നേടിയ നേട്ടം വളരെ ശ്രദ്ധേയമാണ് എന്നും ക്രിസ്റ്റലിന ചൂണ്ടിക്കാട്ടി.

ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനും ഒമാനും ഊര്‍ജ്ജ സബ്‌സിഡികള്‍ കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ദുര്‍ബല കുടുംബങ്ങളെ സഹായിക്കുന്നതിന് സാമ്പത്തിക ഇടം സ്വതന്ത്രമാക്കുകയും സുതാര്യതയും മെച്ചപ്പെടുത്തുകയും ചെയ്തു. കുവൈത്തും യുഎഇയും ചെലവ് പരിധിയും സാമ്പത്തിക അപകടസാധ്യതകളും വെളിപ്പെടുത്തുന്നത് ശക്തിപ്പെടുത്തി. അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം, ഈ വര്‍ഷം വളര്‍ച്ച 3.7 ശതമാനം ആയി ഉയരുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. എണ്ണ കയറ്റുമതിക്കാര്‍ക്ക് ഉത്പ്പാദന വര്‍ധനവ് ഗുണം ചെയ്യുമെന്നും ഇറക്കുമതിക്കാര്‍ക്ക് വിലക്കുറവ് നേട്ടമുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.

Content Highlights:

dot image
To advertise here,contact us
dot image