

കുവൈത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ മേഖലകളില്‍ നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. നിയമ വിരുദ്ധരായ താമസക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
താമസമേഖലകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജനവാസ മേഖലകളിലെ ബാച്ചിലര്‍ താമസം സുരക്ഷാ ഭീഷണിയാണെന്നും ഇത് സാമൂഹികാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകനായി പരിശോധനയും ശക്തമാക്കി. കഴിഞ്ഞദിവസം റൗദ മേഖലിലെ ഒരു താമസസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.
ഒരു ചെറിയ വീട്ടില്‍ 50-ലധികം ബാച്ചിലര്‍മാരെയാണ് തിങ്ങിപ്പാര്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. താമസ സ്ഥലത്തിന്റെ ഉടമസ്ഥനെതിരെയും വീട് വാടക്ക് എടുത്തയാള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഇത്തരം താമസസൗകര്യങ്ങള്‍ അനുവദിക്കില്ലെന്നും നിയമലംഘകര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളുടെ സഹകരണവും ആഭ്യന്തര മന്താലയം തേടിയിട്ടുണ്ട്.
സമീപ പ്രദേശങ്ങളില്‍ ബാച്ചിലര്‍മാരോ നിയമവിരുദ്ധമായി തൊഴിലാളികളോ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പൊലീസ് സ്‌റ്റേഷന് പുറമെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററിലും വിവരങ്ങള്‍ കൈമാറാനാകും. സുരക്ഷിതമായ ഒരു താമസപരിസരം ഉറപ്പാക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Content Highlights: Kuwait has taken strict measures against expatriate bachelors living in residential areas without proper authorization. The government is focused on addressing the issue of illegal housing in residential zones, where bachelors are often living in violation of local regulations.