ഗുജറാത്തില്‍ മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞ സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

മുതലയെ തല്ലിക്കൊന്ന ശേഷം പ്രതികള്‍ അതിന്റെ ജഡം കായലിലേക്ക് എറിയുകയായിരുന്നു

ഗുജറാത്തില്‍ മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞ സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
dot image

അഹമ്മദാബാദ്: ഗുജറാത്തില്‍ മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വഡോദര ജില്ലയിലാണ് സംഭവം. കര്‍ഷകരായ വിത്തല്‍ നായക്, ബിപിന്‍ നായക് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മുതലയെ വടികൊണ്ട് ക്രൂരമായി അടിച്ചുകൊല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണ് വനംവകുപ്പിന്റെ ഇടപെടലുണ്ടായത്.

മുതലയെ തല്ലിക്കൊന്ന ശേഷം പ്രതികള്‍ അതിന്റെ ജഡം കായലിലേക്ക് എറിയുകയായിരുന്നു. ജഡം വീണ്ടെടുത്ത വനംവകുപ്പ് അത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഷെഡ്യൂള്‍ 1 പ്രകാരം പ്രൊട്ടക്റ്റഡ് അനിമല്‍ കാറ്റഗറിയില്‍ വരുന്ന വന്യജീവിയാണ് മുതല. അതിനാല്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും അഞ്ച് ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

അഞ്ചടിയിലധികം നീളമുളള മുതലയെയാണ് ഇവര്‍ വടികൊണ്ട് അടിച്ച് കൊന്നത്. രണ്ടുപേര്‍ മുതലയെ അടിക്കുന്നതും മറ്റ് ചിലര്‍ ടോര്‍ച്ച് അടിച്ചുകൊടുത്ത് കുറ്റകൃത്യത്തിന് സഹായിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ ദൃശ്യമാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.

Content Highlights: Two arrested for beating crocodile to death and throwing it into a pond in Gujarat

dot image
To advertise here,contact us
dot image