

ഗള്‍ഫ് രാജ്യങ്ങളെയും കിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഒഡീഷയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഏക വിമാന സര്‍വീസ് ഇന്‍ഡിഗോ അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് അവസാന വാരത്തിന് ശേഷമുള്ള ടിക്കറ്റ് വില്‍പ്പന ഇന്‍ഡിഗോ നിര്‍ത്തി. ഇന്നലെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യയും അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡിഗോയുടെ നീക്കം.
ദുബായ്-ഭുവനേശ്വര്‍ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തിയിരുന്ന വിമാനത്തിന്റെ സര്‍വീസ് ആണ് ഇന്‍ഡിയോ എയര്‍ലൈന്‍ അവസാനിപ്പിക്കുന്നത്. മാര്‍ച്ച് മാസത്തോടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ആലോചന. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് ഉള്ളത്. എന്നാല്‍ മാര്‍ച്ചിലെ അവസാന വാരത്തിന് ശേഷം ഇന്‍ഡിഗോയുടെ വെബ്സൈറ്റില്‍ ഈ റൂട്ടിലേക്ക് ബുക്കിംഗ് ലഭ്യമല്ല. ഇതോടെയാണ് വിമാനം നിര്‍ത്തലാക്കുന്നുവെന്ന വിവരം പുറത്തുവന്നത്.
പ്രവാസികളുടെ ശക്തമായ ആവശ്യങ്ങള്‍ക്കൊടുവില്‍ 2023 മെയ് മാസത്തിലാണ് ദുബായ്-ഭുവനേശ്വര്‍ സര്‍വീസ് ഇന്‍ഡിഗോ ആരംഭിച്ചത്. യുഎഇയിലുള്ള ആയിരക്കണക്കിന് ഒഡീഷ സ്വദേശികള്‍ക്കും മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ഇന്ത്യയിലെത്താനുള്ള എളുപ്പമാര്‍ഗമായിരുന്നു ഈ സര്‍വീസ്.
വിമാനം നിര്‍ത്തലാക്കുന്നത് പ്രവാസി കുടുംബങ്ങള്‍ക്ക് പുറമെ വിമാനത്തെ ആശ്രയിച്ചിരുന്ന ബിസിനസുകാരെയും വിനോദ സഞ്ചാരികളെയും വലിയ തോതില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യാത്രക്കാര്‍ ഏറെയുള്ള റൂട്ട് ആയിട്ടും സര്‍വീസ് അവസാനിപ്പിക്കുന്നതിന്റെ കാരണം ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടില്ല.
പലപ്പോഴും ടിക്കറ്റുകള്‍ മുന്‍കൂട്ടി വിറ്റുതീരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്‍ഡിഗോയുടെ നടപടിക്കെതിരെ ഒഡീഷയിലെ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. വിമാന സര്‍വീസ് തുടരാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടകളും ആവശ്യപ്പെട്ടു. ദുബായ് ഒരു ആഗോള യാത്രാ കേന്ദ്രമായതിനാല്‍, സര്‍വീസ് നിര്‍ത്തുന്നത് ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നാട്ടിലേക്കുള്ള യാത്ര ദുഷ്കരമാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടികാട്ടുന്നു.
ഇന്നലെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സര്‍വീസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് എയര്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 28ന് ആയിരിക്കും അവസാന സര്‍വീസ്. 29 മുതല്‍ എയര്‍ ഇന്ത്യയ്ക്ക് പകരം ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ പിന്മാറ്റം മൂലം അധിക ബാഗേജ് ആനുകൂല്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രവാസികള്‍ക്ക് നഷ്ടമാകും.
ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള ഏക സര്‍വീസാണ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലെ അറിയിപ്പ് പ്രകാരം മാര്‍ച്ച് 28ന് ആയിരിക്കും അവസാന സര്‍വീസ്. എയര്‍ ഇന്ത്യക്ക് പകരമായി ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കും. അതിനിടെ എയര്‍ ഇന്ത്യയുടെ സ്ഥാനത്ത് എയര്‍ ഇന്ത്യാ എക്സപ്രസ് കടന്നുവരുന്നതോടെ യാത്രക്കാര്‍ക്ക് ലഭിച്ചിരുന്ന പല പ്രീമിയം സൗകര്യങ്ങളും ഇല്ലാതാകും.
പുതിയ ബജറ്റ് എയര്‍ലൈന്‍ സര്‍വീസില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും അധിക ബാഗേജ് സൗകര്യവും ഉണ്ടായിരിക്കില്ല. വിമാനത്തിനുള്ളിലെ വിനോദ പരിപാടികളും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ലഭ്യമാകില്ല. ഇതിന് പുറമെ പ്രീമിയം ക്യാബിന്, ലോഞ്ച് സൗകര്യങ്ങളെയും ബാധിക്കും. ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ള പ്രീമിയം യാത്രക്കാര്‍ വന്‍തോതില്‍ ആശ്രയിച്ചിരുന്ന സര്‍വീസായിരുന്നു എയര്‍ ഇന്ത്യയുടേത്.
ബിസിനസ് ക്ലാസിന് മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് താരതമ്യേന ടിക്കറ്റ് നിരക്ക് കുറവായിരുന്നു എന്നതും യാത്രക്കാരെ ആകര്‍ഷിക്കാന്‍ കാരണമായി. എയര്‍ ഇന്ത്യയുടെ പിന്മാറ്റം മറ്റ് വിമാന കമ്പനികള്‍ക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ സഹായകമാകുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടികാട്ടുന്നു. കൊച്ചിക്ക് പുറമെ ദുബായില്‍നിന്ന് ഹൈദരാബാദിലേക്കുള്ള സര്‍വീസും അവസാനിപ്പിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
Content Highlights: After Air India, IndiGo has also tightened operations by suspending flight services from the Gulf to Odisha, according to reports.