

ബഹ്റൈനിലെ ആലപ്പുഴ ജില്ലാക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ ഉമ്മൽ ഹസ്സം ഏരിയയ്ക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. സൽമാനിയ കലവറ പാർട്ടി ഹാളിൽ വെച്ച് നടന്ന ഏരിയ സമ്മേളനം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം ഉദ്ഘാടനം ചെയ്തു. ഉമ്മൽ ഹസ്സം ഏരിയ പ്രസിഡന്റ് ജോബിൻ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശരത് ശശി സ്വാഗതവും സംഘടനയുടെ അസിസ്റ്റന്റ് ട്രഷറർ ടോജി തോമസ് നന്ദിയും രേഖപ്പെടുത്തി. ഏരിയ ട്രഷറർ വിപിൻ പുരുഷോത്തമൻ പ്രവർത്തന റിപ്പോർട്ടും കണക്കും സമ്മേളനത്തിൽ അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് 2027–2028 കാലയളവിലേക്കുള്ള ഉമ്മൽ ഹസ്സം ഏരിയയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജോർജ് മാത്യു (പ്രസിഡന്റ്), മോൻസി വർഗീസ് (ജനറൽ സെക്രട്ടറി), ശരത് ശശി (ട്രഷറർ), ടോജി തോമസ് (വൈസ് പ്രസിഡന്റ്), പ്രശാന്ത് ഗോപി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ജിതിൻ അലക്സാണ്ടർ, അഖിൽ അനിരുദ്ധൻ, ഓമനക്കുട്ടൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. കൂടാതെ, ജോബിൻ മാത്യുവിനെ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്തു. സിബിൻ സലീം, ഗിരീഷ് കുമാർ ജി, ജേക്കബ് മാത്യു എന്നിവർ ഏരിയയിൽ നിന്നുള്ള പ്രതിനിധികളായി സെൻട്രൽ കമ്മിറ്റിയിൽ തുടരും.
ഇലക്ഷൻ കമ്മിറ്റി പ്രതിനിധികളായ ബോണി മുളപ്പാംപള്ളിൽ, ഗിരീഷ് കുമാർ, സന്തോഷ് ബാബു എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ഉമ്മൽ ഹസ്സം, സിത്ര, ജുഫൈർ, മാഹൂസ്, സിഞ്ച് എന്നീ പ്രദേശങ്ങളിലുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്റൈൻ പ്രവാസികൾക്ക് വോയ്സ് ഓഫ് ആലപ്പിയുടെ ഉമ്മൽ ഹസ്സം ഏരിയ കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ അവസരമുണ്ട്. താൽപ്പര്യമുള്ളവർക്ക് 3678 3678 (ജോർജ്), 3644 7550 (മോൻസി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: Voice of Alappuzha, an association representing people from Alappuzha district in Bahrain, has announced new office bearers for its Umm Al Hassam area unit. The new team will lead the association's activities and community initiatives in the area.