പുതിയ ആക്രമണമുണ്ടായാൽ മുമ്പത്തേക്കാൾ അഞ്ചിരട്ടി ശക്തമാകുമെന്ന് ട്രംപ്; മറുപടി പത്തിരട്ടി ശക്തമാക്കുമെന്ന് ഇറാൻ

ഇറാന്‍ യുദ്ധത്തിന്റെ ഭാവി സംബന്ധിച്ച് പരസ്പരവിരുദ്ധമായ സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത്

പുതിയ ആക്രമണമുണ്ടായാൽ മുമ്പത്തേക്കാൾ അഞ്ചിരട്ടി ശക്തമാകുമെന്ന് ട്രംപ്; മറുപടി പത്തിരട്ടി ശക്തമാക്കുമെന്ന് ഇറാൻ
dot image

തെഹ്‌റാന്‍: ഇറാനെതിരെ ഭാവിയില്‍ ഉണ്ടാകുന്ന ഏത് ആക്രമണവും മുമ്പത്തേതിനേക്കാള്‍ പത്തിരട്ടി ശക്തമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണി. പിന്നാലെ, അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പുതിയ ആക്രമണത്തിനും പത്തിരട്ടി ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സായുധ സേനയുടെ മുതിര്‍ന്ന വക്താവ് മറുപടി നല്‍കി. ബ്രിഗേഡിയര്‍ ജനറല്‍ അബോള്‍ഫസല്‍ ഷെക്കാര്‍ച്ചിയാണ് ട്രംപിന്റെ ഭീഷണിക്ക് മറുപടി നല്‍കിയിത്. അമേരിക്കന്‍ ലക്ഷ്യസ്ഥാനങ്ങള്‍ തങ്ങളുടെ പരിധിയിലാണെങ്കില്‍ അവ ആക്രമിക്കപ്പെടുമെന്ന് ഷെകാര്‍ച്ചി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ യുദ്ധത്തിന്റെ ഭാവി സംബന്ധിച്ച് പരസ്പരവിരുദ്ധമായ സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം നടന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയ വിജയം, മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിലേക്കുള്ള കൂടുതല്‍ പുരോഗതിക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെങ്കിലും, ഈ മേഖലയില്‍ നിന്നുള്ള എണ്ണ നീക്കം വീണ്ടും സജീവമാകുന്നതായി ഷിപ്പിംഗ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

ഇറാനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തേണ്ടി വരുമെന്ന് കരുതുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്സെന്‍ റെസായിയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ആലോചിക്കുന്നതായി 'ദി വാള്‍ സ്ട്രീറ്റ് ജേണല്‍' ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രകടനം മോശമായതിന് പ്രധാന കാരണം ഈ യുദ്ധമാണെന്ന് വാന്‍സ് കുറ്റപ്പെടുത്തിയിരുന്നു. അതിനാല്‍, ഈ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക നടത്തുന്ന പുതിയൊരു നീക്കമായിരിക്കാം ഈ ചര്‍ച്ചകള്‍ എന്നാണ് വിലയിരുത്തല്‍.

അതേസമയം ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള അമേരിക്കന്‍ നാവിക ഉപരോധം, മരവിപ്പിക്കപ്പെട്ട ആസ്തികള്‍ തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങളില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത തുടരുകയാണ്. സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് മൊഹ്‌സിന്‍ റെസായി സൂചിപ്പിച്ചു. അമേരിക്കന്‍ ഉപരോധങ്ങള്‍ മൂലമുള്ള സമ്മര്‍ദ്ദം രാജ്യത്തെ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും പറഞ്ഞു. ഇറാനുമായുള്ള സഖ്യകക്ഷികളുടെ ബന്ധം രാജ്യം സാമ്പത്തികമായി ഒറ്റപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: US President Donald Trump has warned that any future American attack on Iran would be ten times stronger than previous action. Responding to the statement, Iranian Armed Forces spokesperson Brigadier General Abolfazl Shekarchi said Iran would deliver a response of equal magnitude to any new US attack. He also warned that American targets within Iran's reach could face attacks, according to Al Jazeera.

dot image
To advertise here,contact us
dot image