

ബഹ്‌റൈൻ പ്രതിഭ നാടകവേദിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘കൊച്ചരങ്ങ് 2026’ ഏകദിന നാടക പഠനക്കളരി ശ്രദ്ധേയമായി. ഒക്ടോബർ 16 വെള്ളിയാഴ്ച സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടന്ന പഠനക്കളരിയിൽ 58 കുട്ടികളാണ് പങ്കെടുത്തത്. നാടകകലയോട് കുട്ടികളിൽ താല്പര്യം വളർത്തുന്നതിനും സർഗ്ഗാത്മക കഴിവുകൾ പുറത്തെടുക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബഹ്‌റൈനിലെ പ്രമുഖ നാടക പ്രവർത്തകരായ ഹരീഷ് മേനോൻ, വിഷ്ണു നാടകഗ്രാമം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധതരം തിയേറ്റർ എക്‌സർസൈസുകളിലൂടെയും പ്രാക്ടിക്കൽ അഭിനയ പരിശീലനങ്ങളിലൂടെയും നാടകാഭിനയത്തിന്റെ വൈവിധ്യമാർന്ന സാധ്യതകളും വ്യത്യസ്ത ശൈലികളും ഇവർ കുട്ടികൾക്ക് പരിചയപ്പെടുത്തി.
കളിയും ചിരിയും സർഗ്ഗാത്മക പ്രവർത്തനങ്ങളും സമന്വയിപ്പിച്ച പഠനക്കളരി പങ്കെടുത്ത കുട്ടികൾക്ക് വേറിട്ടതും ആവേശകരവുമായ അനുഭവമായി മാറി. അഭിനയത്തിന്റെ അടിസ്ഥാനപാഠങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനൊപ്പം സ്വയം ആത്മവിശ്വാസവും കൂട്ടായ്മയുടെ പ്രാധാന്യവും വളർത്തിയെടുക്കാൻ ക്യാമ്പ് ഏറെ സഹായിച്ചു.
വരുന്ന ഡിസംബർ 18-ന് ബഹ്‌റൈൻ പ്രതിഭ നാടകവേദി കുരുന്നുകൾക്കായി സംഘടിപ്പിക്കുന്ന ‘അരങ്ങേറ്റം-2026’ എന്ന കുട്ടികളുടെ നാടകമത്സരത്തിന്റെ മുന്നോടിയായാണ് ‘കൊച്ചരങ്ങ് 2026’ നാടക പഠനക്കളരി സംഘടിപ്പിച്ചത്.
Content Highlights: Bahrain Prathibha Natakavedi organised ‘Kocharang 2026’, a one-day theatre workshop for 58 children at Prathibha Centre in Salmaniya, introducing them to acting techniques and theatre exercises.