ആഗോള ഊർജ്ജ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം; ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് സൗദി മന്ത്രിസഭ

ആഗോള സാമ്പത്തിക ഭദ്രതയ്ക്കും നാവിക ഗതാഗതത്തിന്റെ സുരക്ഷിതത്വത്തിനും അന്താരാഷ്ട്ര കൂട്ടായ്മ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി

ആഗോള ഊർജ്ജ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തം; ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് സൗദി മന്ത്രിസഭ
dot image

ആഗോള ഊർജ്ജ സുരക്ഷയും വിതരണ ശൃംഖലയും സംരക്ഷിക്കേണ്ടത് ലോകരാജ്യങ്ങളുടെ പൊതുവായ ഉത്തരവാദിത്തമാണെന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് സൗദി അറേബ്യ തങ്ങളുടെ ഉറച്ച നിലപാട് ആവർത്തിച്ചത്. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും ജനവാസ മേഖലകൾക്കും നേരെ ഹൂത്തി വിമതർ നടത്തുന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു.

ആഗോള സാമ്പത്തിക ഭദ്രതയ്ക്കും നാവിക ഗതാഗതത്തിന്റെ സുരക്ഷിതത്വത്തിനും അന്താരാഷ്ട്ര കൂട്ടായ്മ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. സിവിൽ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ഊർജ്ജ നിലയങ്ങൾ എന്നിവയ്ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ മേഖലയുടെ സമാധാന അന്തരീക്ഷത്തിന് കനത്ത ഭീഷണിയാണെന്ന് കാബിനറ്റ് ചൂണ്ടിക്കാട്ടി.

ചെങ്കടലിലും ബാബ് അൽ-മന്ദേബ് കടലിടുക്കിലും അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന് നേരെ ഉയരുന്ന ഭീഷണികൾ തടയാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയം പൂർണ്ണമായി നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹൂതികൾക്ക് നിയമവിരുദ്ധമായി ആയുധങ്ങളും സാങ്കേതിക സഹായങ്ങളും ലഭിക്കുന്നത് പൂർണ്ണമായി തടയാൻ കർശനമായ അന്താരാഷ്ട്ര സംവിധാനം ഉണ്ടാകണമെന്ന് മന്ത്രിസഭ ആഹ്വാനം ചെയ്തു.

മേഖലയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കാതിരിക്കാൻ സുഹൃദ് രാജ്യങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് യോഗത്തിന് ശേഷം സൗദി മാധ്യമ മന്ത്രി സൽമാൻ അൽ-ദോസരി വ്യക്തമാക്കി. ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരതയും വിശ്വസ്തതയും ഉറപ്പാക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും കാബിനറ്റ് പ്രഖ്യാപിച്ചു.

Content Highlights: Saudi Arabia’s Cabinet has condemned Houthi attacks on civilian sites, airports and energy infrastructure, stressing that protecting global energy security, trade and maritime navigation requires international cooperation.

dot image
To advertise here,contact us
dot image