

കൊച്ചി: സിപിഐഎമ്മിനും പിണറായി വിജയനും എതിരെ രൂക്ഷവിമർശനവുമായി അബിൻ വർക്കി എംഎൽഎ. കാക്ക കാലിന്റെ പോലും തണൽ ഇല്ലാത്ത രക്ത ഗന്ധം വഹിക്കുന്ന ശ്മശാന ഭൂമിയായി കേരളത്തിലെ സിപിഐഎം മാറിയെന്നാണ് അബിൻ വർക്കിയുടെ വിമർശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വോട്ടുകളിൽ പ്രധാനപ്പെട്ട ഒരു വിഭാഗം പിണറായി വിജയനെതിരായ വോട്ടുകളായിരുന്നു എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അബിൻ വർക്കി കുറ്റുപ്പെടുത്തുന്നുണ്ട്. പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്റെ ഏകാധിപത്യ, സ്വജനപക്ഷപാത അഴിമതി നിറഞ്ഞ, ധാർഷ്ട്യവും,ധിക്കാരവും ഉണ്ടായിരുന്ന കഴിവ് കെട്ട ആഭ്യന്തര വകുപ്പിന് എതിരായിട്ടുള്ള വികാരം എന്നാണ് പിണറായി വിജനയെതിരായ വോട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്നും അബിൻ വർക്കി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചില യാഥാർത്ഥ്യങ്ങൾ സിപിഐഎം മനസ്സിലാക്കണമെന്ന നിലയിൽ ഏതാനും കാര്യങ്ങൾ അബിൻ വർക്കി ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ഇതിനി സിപിഐഎം സമ്മതിച്ചാലും ഇല്ലെങ്കിലും. ചില യഥാർഥ്യങ്ങൾ നിങ്ങൾ തിരിച്ചറിയണം. ഒന്നാമത്തതും പ്രധാനപ്പെട്ടതുമായ കാര്യം സാധാരണ ജനങ്ങളുടൊപ്പം തന്നെ പരസ്യമായി മിണ്ടാൻ സാധിക്കാത്ത സിപിഐഎം പ്രവർത്തകരും യുഡിഎഫിന് വോട്ട് ചെയ്തു. അങ്ങനെ അവർ എല്ലാവരും ചേർന്ന് മൂലയ്ക്ക് ഇരുത്തി. ഭരണമാറ്റം ഉണ്ടാക്കി' എന്നും അബിൻ വർക്കി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പിണറായി വിജയനിൽ നിന്ന് ഒരു മോചനവും പാർട്ടിയിൽ ഒരു മാറ്റവും ഉണ്ടാകും എന്ന് കരുതിയ പാർട്ടിക്കാരെ വീണ്ടും മണ്ടശിരോമണികൾ ആക്കി കൊണ്ട് അദ്ദേഹത്തെ വീണ്ടും പ്രതിപക്ഷ നേതാവ് ആക്കിയെന്നും അബിൻ വർക്കി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ചോദ്യം ചെയ്യൽ ഉറപ്പിച്ച കേന്ദ്ര അന്വേഷണ സംഘത്തെ പ്രതിരോധിക്കാൻ ഭരണഘടന പ്രിവിലേജും പാർട്ടി പ്രിവിലേജും ഉറപ്പ് വരുത്താനാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കിയതെന്നും അബിൻ വർക്കി കുറ്റപ്പെടുത്തുന്നുണ്ട്. 'ഹിറ്റ്ലർ അടക്കമുള്ള ഏകാധിപതികളെ വേട്ടയാടിയ ഒരു വികാരം ഉണ്ട്. തങ്ങൾ എങ്ങാൻ വീണു പോയാൽ താൻ ഉപദ്രവിച്ച ജനത തന്നെയും കുടുംബത്തെയും ഏത് രീതിയിൽ കൈകാര്യം ചെയ്യും എന്ന കടുത്ത ആശങ്കയും ഭയവും. ഇത് കൊണ്ട് പാർട്ടിയിൽ കഴിഞ്ഞ 30 കൊല്ലമായി ഉണ്ടാക്കി എടുത്ത സ്തുതിപാഠക സംഘത്തെ കൊണ്ട് പറയിപ്പിച്ചു വീണ്ടും പ്രതിപക്ഷ നേതാവായി' എന്നും അബിൻ വർക്കി ചൂണ്ടിക്കാണിക്കുന്നുണ്ട്.
പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയൻ നടത്തിയ പ്രസംഗത്തെയും അബിൻ വർക്കി കുറ്റപ്പെടുത്തുന്നുണ്ട്. പാർട്ടിക്കാർ തന്നെ വിജയിപ്പിച്ച പയ്യന്നൂരിലും, തളിപ്പറമ്പിലും ചെന്ന് അവരോട് ഇദ്ദേഹം പറയുവാണ് നിങ്ങൾ തെറ്റ് തിരുത്തണം എന്ന്.
എന്ത് വിരോധാഭാസം ആണ് സംഭവിക്കുന്നത്. സത്യത്തിൽ ഇത് ചോദ്യം ചെയ്യാൻ കെൽപ്പുള്ള ഒരാളെങ്കിലും, ഒരൊറ്റ ഒരാൾ പോലും ആ പാർട്ടിയിൽ ഇല്ലല്ലോ എന്ന് ഓർക്കുമ്പോളാണ് വിജയൻ മാഷിന്റെ വാക്കുകൾ വീണ്ടും ഓർമ്മ വരുന്നത്. കാക്ക കാലിന്റെ പോലും തണൽ ഇല്ലാത്ത രക്ത ഗന്ധം വഹിക്കുന്ന ശ്മശാന ഭൂമിയായി കേരളത്തിലെ സിപിഐഎം മാറി എന്നും അബിൻ വർക്കി പോസ്റ്റിൽ പറയുന്നുണ്ട്.
Content Highlights: Abin Varghese MLA launches a sharp criticism of the CPI(M) and Kerala Chief Minister Pinarayi Vijayan, raising serious concerns over the party and government.