'ഇംപാക്ട് പ്ലെയര്‍' നിയമം തുടരണമോ? ഫ്രാഞ്ചൈസികളില്‍നിന്ന് അഭിപ്രായം തേടി ബിസിസിഐ

2023 സീസണിലാണ് ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയര്‍ നിയമം ആദ്യമായി നടപ്പിലാക്കിയത്

'ഇംപാക്ട് പ്ലെയര്‍' നിയമം തുടരണമോ? ഫ്രാഞ്ചൈസികളില്‍നിന്ന് അഭിപ്രായം തേടി ബിസിസിഐ
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട 'ഇംപാക്ട് പ്ലെയര്‍' നിയമം 2027 സീസണിലും തുടരണമോ എന്ന കാര്യത്തില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ നിന്ന് അഭിപ്രായം തേടി ബിസിസിഐ. വരാനിരിക്കുന്ന സീസണിന് മുന്നോടിയായി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണോ എന്ന കാര്യം തീരുമാനിക്കുന്നതിനാണ് ബോര്‍ഡ് ഫ്രാഞ്ചൈസി ഉടമകളുടെയും ടീം മാനേജ്മെന്റുകളുടെയും നിലപാട് അറിയാന്‍ ശ്രമിക്കുന്നത്.

2023 സീസണിലാണ് ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയര്‍ നിയമം ആദ്യമായി നടപ്പിലാക്കിയത്. മത്സരത്തിനിടയില്‍ ബാറ്റിങ്ങിലോ ബൗളിങ്ങിലോ മാറ്റങ്ങള്‍ വരുത്താന്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്ന ഈ നിയമം മത്സരങ്ങളെ കൂടുതല്‍ ആവേശകരമാക്കിയെങ്കിലും, കളിക്കാരില്‍ നിന്നും ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഓള്‍റൗണ്ടര്‍മാര്‍ക്ക് പന്തെറിയാനോ ബാറ്റ് ചെയ്യാനോ ഉള്ള അവസരങ്ങള്‍ കുറയുന്നു എന്നതായിരുന്നു ഈ നിയമത്തിനെതിരെയുള്ള പ്രധാന വിമര്‍ശനം. രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഈ നിയമം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരെ ദോഷകരമായി ബാധിക്കുന്നുവെന്ന് തുറന്നുപറഞ്ഞിരുന്നു. ഒരു ബാറ്റര്‍ അധികമായി ടീമില്‍ എത്തുന്നതോടെ ബാറ്റിങ് നിര കൂടുതല്‍ ശക്തമാവുകയും, ബൗളിങ് നിരയ്ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ച് 200-ന് മുകളില്‍ കൂറ്റന്‍ സ്‌കോറുകള്‍ സര്‍വ്വസാധാരണമാവുകയും ചെയ്തു.

നേരത്തെ 2024 മുതല്‍ 2027 വരെയുള്ള സൈക്കിളിലേക്ക് ഇംപാക്ട് പ്ലെയര്‍ നിയമം നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നെങ്കിലും, ഫ്രാഞ്ചൈസികളുടെയും കളിക്കാരുടെയും പ്രതികരണങ്ങള്‍ വീണ്ടും വിലയിരുത്താന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. വരാനിരിക്കുന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ ഫ്രാഞ്ചൈസികളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ക്രോഡീകരിച്ച് നിയമത്തിന്റെ ഭാവി സംബന്ധിച്ച് ബിസിസിഐ അന്തിമ തീരുമാനമെടുക്കും.

content highlights: BCCI Seeks Franchise Feedback on Future of 'Impact Player' Rule in IPL

dot image
To advertise here,contact us
dot image