

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേന കൈകാര്യം ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ നഷ്ടപരിഹാരവും തൊഴിൽ അവകാശവാദങ്ങളും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് നിവേദനം സമർപ്പിച്ചു. കേന്ദ്രമന്ത്രിയുടെ ബഹ്റൈൻ സന്ദർശന വേളയിൽ ഇന്ത്യൻ സമൂഹവുമായി നടത്തിയ സംവാദത്തിൽ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഘടന ഇപ്പോൾ നിവേദനം കൈമാറിയിരിക്കുന്നത്.
ജോലിസ്ഥലത്തെ അപകടങ്ങൾ, വാഹനാപകടങ്ങൾ, മരണാനന്തര നഷ്ടപരിഹാരം, കുടിശ്ശിക ശമ്പളം, ആനുകൂല്യങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പ്രവാസി കുടുംബങ്ങൾ വർഷങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകൾ നിവേദനത്തിൽ വ്യക്തമാക്കുന്നുണ്ട്. അനുകൂലമായ കോടതി വിധി വന്നിട്ടുപോലും വർഷങ്ങളായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ഒട്ടനവധി കുടുംബങ്ങൾ കാത്തിരിക്കുകയാണ്. കേസിന്റെ പുരോഗതിയെക്കുറിച്ചോ, കോടതി വിധിപ്പകർപ്പിനെക്കുറിച്ചോ നിയമാവകാശികൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസികളും നടത്തുന്ന മികച്ച സേവനങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ കൂടുതൽ സുതാര്യതയും ഏകീകൃത നടപടിക്രമങ്ങളും ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി പ്രധാനപ്പെട്ട ചില ശുപാർശകളും പ്രവാസി ലീഗൽ സെൽ മുന്നോട്ടുവെച്ചിട്ടുണ്ട്. 2014 മുതൽ എംബസി പാനൽ അഭിഭാഷകർ കൈകാര്യം ചെയ്ത എല്ലാ നഷ്ടപരിഹാര-തൊഴിൽ കേസുകളുടെയും സമഗ്രമായ അവലോകനം നടത്തണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ കേസിന്റെ പുരോഗതി നിയമാവകാശികൾക്ക് സ്വയം അറിയാൻ സാധിക്കുന്ന തരത്തിൽ ഓൺലൈൻ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തണം. കേസുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് നിയമാവകാശികൾക്ക് കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ നൽകുകയും കോടതി വിധികളുടെയും അനുവദിച്ച തുകയുടെയും പകർപ്പുകൾ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.
കോടതി വിധി വന്നിട്ടും തുക വിതരണം ചെയ്യാത്ത കേസുകളിൽ പ്രത്യേക പരിശോധന നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ആവശ്യമായ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നഷ്ടപരിഹാര തുക നേരിട്ട് നിയമാവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്ന സംവിധാനം പരിഗണിക്കണം. ഇതിനൊപ്പം എല്ലാ ഇന്ത്യൻ എംബസികൾക്കുമായി ഏകീകൃത 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ' നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Content Highlights: The Pravasi Legal Cell has submitted a petition seeking major changes in the procedures and legal framework for compensation cases involving expatriates. The organisation highlighted the need for a more effective system to protect the rights and interests of migrant workers.