

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പ്രവാസി മലയാളികളിലേക്ക് പകർന്നു നൽകിക്കൊണ്ട് ബഹ്‌റൈനിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ "ഫ്രണ്ട്‌ലി ഫുട്ബോൾ മാച്ച് – സീസൺ 1" ജൂലൈ 3-ന് വൈകുന്നേരം 6.00 മണിക്ക് അൽബുർഹാമയിലെ യുവന്റസ് അരീനയിലാണ് അരങ്ങേറിയത്. പ്രവാസികൾക്കിടയിൽ കായിക സൗഹൃദവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ബഹ്റൈൻ മലയാളി സിഎസ്.ഐ. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് സുധിൻ എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ കായികപ്രേമികളെയും കളിക്കാരെയും കൺവീനർ ജോയൽ ഈപ്പൻ ജോസ് സ്വാഗതം ചെയ്തു. നിരവധി ഫുട്ബോൾ പ്രേമികളാണ് കളികാണാനും പ്രിയപ്പെട്ട ടീമുകളെ പ്രോത്സാഹിപ്പിക്കാനുമായി അരീനയിലേക്ക് ഒഴുകിയെത്തിയത്.
തുല്യശക്തികൾ ഏറ്റുമുട്ടിയ ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിൽ സിബിൻ സജു തോമസ് ക്യാപ്റ്റനായ 'ഫാന്റം സെന്റ്സ് യുണൈറ്റഡ്' സീസൺ വണ്ണിലെ കിരീടം ചൂടി. മികച്ച പ്രകടനം കാഴ്ചവെച്ച ഏമ്പൽ കെ. സണ്ണി ക്യാപ്റ്റനായ 'സാഫയർ ടൈറ്റൻസ് എഫ്സി' റണ്ണേഴ്സ്-അപ്പായി. വിജയികളായ ഇരു ടീമുകൾക്കുമുള്ള ആകർഷകമായ ട്രോഫികളും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു.
ഇടവക ഭാരവാഹികളും യുവജന സഖ്യം പ്രതിനിധികളും ഇടവകാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ യുവജന സഖ്യം വൈസ് പ്രസിഡൻ്റ് ബിജിൻ എബ്രഹാം എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി കൺവീനർമാരായ മിഷേൽ ബിജി, അജീഷ് മാത്യു, ജോയൽ ഈപ്പൻ ജോസ് എന്നിവർ നേതൃത്വം നൽകി. ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ യുവജനങ്ങൾക്കിടയിൽ കായികാവേശം ഉണർത്താൻ ഈ സൗഹൃദ മത്സരം വലിയൊരു വേദിയായി മാറി.
Content Highlights: A 'Friendly Football Match' organised by the Youth Alliance in Manama witnessed enthusiastic participation and sporting spirit. Phantom Saints United secured the title after an exciting contest.