

ബഹ്റൈനില്‍ മതവികാരങ്ങളെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് 20 വയസ്സുകാരനെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഒരു പ്രത്യേക മതവിഭാഗം പവിത്രമായി കണക്കാക്കുന്ന വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഇയാള്‍ പരസ്യമായി കമന്റുകള്‍ പങ്കുവെച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധപ്പെട്ട വകുപ്പുകള്‍ വേഗത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും ചെയ്തു.
സമൂഹത്തില്‍ വിദ്വേഷം വിതയ്ക്കുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന നിലപാട് അധികൃതര്‍ ആവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തബോധവും പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. മതപരമായ മൂല്യങ്ങള്‍ മാനിക്കാനും നിയമങ്ങള്‍ കൃത്യമായി പാലിക്കാനും എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: A 20-year-old has been arrested in Bahrain for allegedly posting content on social media that hurt religious sentiments. Authorities stated that strict action will be taken against violations affecting social harmony and public order.