

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. അഞ്ച് വയസുകാരി ഹിമ, രണ്ട് വയസുള്ള കണ്ണന്‍ എന്നിവരാണ് മരിച്ചത്. കലാധരന്‍, അമ്മ ഉഷ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു.
കഴിഞ്ഞ ദിവസമാണ് അമ്മയും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമന്തളി സെന്റര്‍ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ (56), മകന്‍ പാചക തൊഴിലാളി കലാധരന്‍ (36), കലാധരന്റെ മക്കളായ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കലാധരനും ഭാര്യയും തമ്മില്‍ കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മയ്ക്കൊപ്പം വിടാന്‍ കോടതി വിധിയുണ്ടായിരുന്നു. ഇന്നലെ രാത്രി കലാധരനെ വിളിച്ച ഭാര്യ കുട്ടികളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഉഷയുടെ ഭര്‍ത്താവായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചനിലയിലായിരുന്നു. വീടിന് മുന്നില്‍ എഴുതിവെച്ചിരുന്ന കത്ത് കണ്ട ഉണ്ണികൃഷ്ണന്‍ കത്തുമായി സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വീട് തുറന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കളെ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു.
Content Highlights: Postmortem of the children in the death of a family in Ramanthali has been completed.