

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരിക്കുകയാണ്. ഇന്ത്യക്കിത് തുടർച്ചയായി 20-ാം തവണയാണ് ഏകദിനത്തിൽ ടോസ് നഷ്ടപ്പെടുന്നത്. 2023 ലോകകപ്പ് മുതൽ ഏകദിനത്തിൽ ടോസ് ഇന്ത്യയെ കനിഞ്ഞിട്ടേയില്ല.
ലോജിക്ക് വെച്ച് കാരണം കണ്ടെത്താൻ കഴിയില്ലെങ്കിലും കണക്കുകൾ വെച്ച് ഇന്ത്യയുടെ ടോസ് സാധ്യതയിപ്പോൾ ഒരു മില്യണിൽ ഒന്ന് എന്ന ആനുപാതത്തിലാണ്.
അതേ സമയം ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ടോട്ടലാണ് ലഭിച്ചത്.തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും കന്നി ഏകദിന സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഒടുവിൽ കത്തികയറിയ കെ എൽ രാഹുലിന്റെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്. 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 350 റൺസാണ് ഇന്ത്യ നേടിയത്.
റുതുരാജ് ഗെയ്ക്‌വാദ് 83 പന്തിൽ 105 റൺസ് നേടി. 12 ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. കെ എൽ രാഹുൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. 43 പന്തിൽ 66 റൺസാണ് ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റൻ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ 27 പന്തിൽ 24 റൺസ് നേടി.
രോഹിത് ശർമ 14 റൺസും യശ്വസ ജയ്‌സ്വാൾ 22 റൺസും നേടിയപ്പോൾ വാഷിംഗ്‌ടൺ സുന്ദർ ഒരു റൺസ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൺ രണ്ട് വിക്കറ്റും നേടി.
Content Highlights; india toss lost in odi cricket; vs southafrica