'രാഹുൽ മാങ്കൂട്ടത്തിൽ എന്നോടും മോശമായി പെരുമാറി; അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നു'; ആരോപണവുമായി ഷഹനാസ്

ഷാഫി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നുവെന്നും ഷഹനാസ്

'രാഹുൽ മാങ്കൂട്ടത്തിൽ എന്നോടും മോശമായി പെരുമാറി; അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നു'; ആരോപണവുമായി ഷഹനാസ്
dot image

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ് രം​ഗത്ത്. രാഹുൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി.
കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞു. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താൻ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാൾക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാൾക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.

കോൺ​ഗ്രസ്, യൂത്ത് കോൺ​​ഗ്രസ്, മഹിളാ കോൺ​ഗ്രസ് എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വ്യക്തമായ ധാരണയുള്ള ആൾ തന്നെയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഷഹനാസ് പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിയോട് ആവശ്യപ്പെട്ടിരുന്നു. ഷാഫി നിരാകരിച്ചാൽ അതിനുള്ള തെളിവ് കാണിക്കാം. വ്യക്തിപരമായി അനുഭവം ഉണ്ടായത് കൊണ്ടാണ് ഷാഫി പറമ്പിലിനോട് ഇക്കാര്യം പറഞ്ഞതെന്നും ഷഹനാസ് പറഞ്ഞു. ഷാഫി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നുവെന്നും ഷഹനാസ് ആരോപിച്ചു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. രാഹുലിനെതിരെ ഷാഫിക്ക് പല പരാതികളും ലഭിച്ചിരുന്നു. രാഹുലിനെ സംരക്ഷിച്ചിരുന്നത് ഷാഫിയാണെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.

രാഹുലിനെതിരെ ഷാഫിക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി ഷഹനാസ് നേരത്തേ രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പലിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു ഷഹനാസ് പറഞ്ഞത്. പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോൾ പുച്ഛമായിരുന്നു മറുപടിയെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് കൂടിയായ ഷഹനാസ് തുറന്നെഴുതിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച ആ പെണ്ണിന് ഒപ്പം മുന്നോട്ടുവരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ് താൻ. കാരണം കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ട് ഇരകൾക്കൊപ്പം ആണ് താനെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസിലെ ഒരുപാട് നേതാക്കന്മാർ തന്നെ ചോദ്യം ചെയ്തു. സഖാത്തിയായ സുഹൃത്തിനെ സംരക്ഷിക്കാൻ അല്ലേ എന്ന് ചോദിച്ചു. തന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ് . അത് നിങ്ങൾ ചുറ്റിനും കൂടി നിന്ന് തന്നെ ആക്രമിച്ചാൽ പോലും അത് എന്നും സ്ത്രീപക്ഷം തന്നെയാണെന്നും ഷഹനാസ് പറഞ്ഞിരുന്നു.

Content Highlight : MA Shahnaz makes serious allegations against Rahul Mamkootathil

dot image
To advertise here,contact us
dot image