പ്രവാസികൾക്ക് തിരിച്ചടി; ഫുഡ് ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ബഹ്റൈൻ

ഇത് സംബന്ധിച്ച ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.

പ്രവാസികൾക്ക് തിരിച്ചടി; ഫുഡ് ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ബഹ്റൈൻ
dot image

ബഹ്റൈനില്‍ ഫുഡ് ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വദേശികള്‍ക്ക് മാത്രമാകും ട്രക്കുകള്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കുക. ഈ മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. ഇത് സംബന്ധിച്ച ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.

തിരക്കൊഴിഞ്ഞ നിരത്തുകളുടെ വശത്തും ബീച്ച് മേഖലകളിലും ഒഴിഞ്ഞ ഗ്രൗണ്ടുകളിലും പ്രവര്‍ത്തിക്കുന്ന ഫുഡ് ട്രക്കുകളുടെ ഉപയോഗത്തിനാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഉപജീവനമാര്‍ഗമായ ഇത്തരം ട്രക്കുകളുടെ ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് എം.പിമാരുടെ നിര്‍ദേശം. ഫുഡ് ട്രക്കുകളുടെ പ്രവര്‍ത്തനത്തിനും പ്രത്യേക മാനദണ്ഡങ്ങള്‍ വേണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

നാലു റോഡുകള്‍ ചേരുന്ന സ്ഥലങ്ങള്‍, റൗണ്ടെബൗട്ടുകള്‍, ട്രാഫിക് ലൈറ്റുകള്‍ എന്നിവയില്‍ നിന്ന് 50 മീറ്റര്‍ അകലം പാലിച്ച് രാവിലെ ആറു മുതല്‍ അര്‍ദ്ധരാത്രി 12 വരെയായിരിക്കും ഫുഡ് ട്രക്കുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയുണ്ടാവുക. ഫുഡ് ട്രക്ക് തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ ആരോഗ്യ മന്ത്രാലയം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവയില്‍ പ്രത്യേക ലൈസന്‍സ് നേടണം. അതത് മുന്‍സിപ്പാലിറ്റികളില്‍ നിന്നുള്ള പാര്‍ക്കിംഗ് അനുമതിയും ആവശ്യമാണ്. ഓരോ ഫുഡ് ട്രക്കിലും അതിന്റെ വ്യാപാര സ്ഥാപനത്തിന്റെ പേരും കൊമേഴ്സ്യല്‍ രജിസ്‌ട്രേഷന്‍ നമ്പറും പ്രദര്‍ശിപ്പിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

റോഡിന്റെ സൈഡിലോ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് മുന്‍പിലോ വാഹനം നിര്‍ത്തി കച്ചവടം ചെയ്യാന്‍ അനുവദിക്കില്ല. ഫുഡ് ട്രക്കും മറ്റ് വാഹനങ്ങളും തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. ഇലക്ട്രിക്കല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം പരിസരം വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സമീപത്തെ താമസക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന ശബ്ദങ്ങള്‍ ഒഴിവാക്കുകയും വേണം. എം.പിമാരായ ഖാലിദ് ബുഅനഖ്, അഹമ്മദ് അല്‍ സല്ലൂം, ഹിഷാം അല്‍ അവാദി എന്നിവരാണ് ഇത് സംബന്ധിച്ച ബില്‍ പാര്‍ലെമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.

Content Highlights: Food trucks to be Bahraini-only under new bill

dot image
To advertise here,contact us
dot image