
ബഹ്റൈൻ: ബഹ്റൈനിൽ രണ്ട് ഏഷ്യൻ പൗരന്മാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയായി. മനുഷ്യക്കടത്ത് വിരുദ്ധ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ ആണ് ഇക്കാര്യം അറിയിച്ചത്. കേസ് ക്രിമിനൽ കോടതിക്ക് കൈമാറി. കേസിൽ ആദ്യത്തെ വാദം കേൾക്കൽ 2025 ജൂൺ 3-ന് നടക്കും.
സാമ്പത്തിക ലാഭത്തിനായി പ്രതികൾ ഒരു സ്ത്രീയെ നിയമവിരുദ്ധവും അധാർമികവുമായ പ്രവൃത്തികളിൽ ഏർപ്പെടാൻ നിർബന്ധിച്ച് മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിച്ച്, മനുഷ്യക്കടത്ത് വിരുദ്ധ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ നിന്നാണ് കേസിന്റെ തുടക്കം. റിപ്പോർട്ട് ലഭിച്ചയുടൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.
കേസിൽ അന്വേഷണ സംഘം ഇരയുടെ മൊഴി രേഖപ്പെടുത്തുകയും, സംരക്ഷണ നടപടികളുടെ ഭാഗമായി, മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതി നടത്തുന്ന അഭയകേന്ദ്രത്തിൽ ഇവരെ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Two face human trafficking charges