Top

കുരങ്ങുപനിക്കെതിരെ പ്രതിരോധം ശക്തമാക്കാൻ യുഎഇ; നടപടി ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം

വൈറസ് ബാധയുള്ള മൃഗങ്ങളിൽനിന്നോ മനുഷ്യരിൽനിന്നോ ആണ് രോഗം വ്യാപനമുണ്ടാവുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ.

22 May 2022 10:12 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുരങ്ങുപനിക്കെതിരെ പ്രതിരോധം ശക്തമാക്കാൻ യുഎഇ; നടപടി ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം
X

അബുദാബി: ലോകത്താകെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങുപനിക്കെതിരെ (മങ്കി പോക്സ്) പ്രതിരോധം ശക്തമാക്കി യുഎഇ. അബുദാബി പൊതുജനാരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് അബുദാബിയിലെ എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളോടും കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു. ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികൾ ആശങ്കയിലുമാണ്.

പ്രതിരോധ നടപടികൾ സംബന്ധിച്ച സർക്കുലർ ദുബായ് ഹെൽത്ത് അതോറിറ്റി എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്. യുഎഇയിൽ രോഗം കണ്ടെത്തുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും ആരോഗ്യവിദഗ്ധരോട് സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.

1958-ലാണ് കുരങ്ങുകളിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിക്കുന്നത്. 1970 ലാണ് ഇത് മനുഷ്യരിൽ ആദ്യമായി ഈ രോഗബാധ കണ്ടെത്തിയത്. 1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. വൈറസ് ബാധയുള്ള മൃഗങ്ങളിൽനിന്നോ മനുഷ്യരിൽനിന്നോ ആണ് രോഗം വ്യാപനമുണ്ടാവുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. രോ​ഗിയിൽ ചിക്കൻപോക്സിലുണ്ടാകുന്നതു പോലെയുള്ള കുമിളകൾ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. എന്നാൽ രോഗംബാധിച്ചുള്ള മരണം കുറവാണെന്നത് ആശ്വാസം പകരുന്നുണ്ട്.

Story Highlights: UAE is to strengthen defense against monkey pox; Action as directed by the World Health Organization

Next Story