ആശ്വാസം! ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ മുൻ നാവികർക്ക് മോചനം

ഇവരിൽ ഏഴ് പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി

dot image

ഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവികരെയും വിട്ടയച്ചു. ചാരവൃത്തിയാരോപിച്ചാണ് ഖത്തറിൽ മലയാളി ഉൾപ്പെടെയുള്ള നാവികർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇവരിൽ ഏഴ് പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ക്യാപ്റ്റൻ നവ് തേജ് സിങ് ഗിൽ, ക്യാപ്റ്റൻ സൗരവ് വസിഷ്ഠ്, കമാന്റർ പൂർണേന്ദു തിവാരി, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വെർമ, കമാന്റർ സുഗുനാകർ പകല, കമാന്റർ സഞ്ജീവ് ഗുപ്ത, കമാന്റർ അമിത് നാഗ്പാൽ, സൈലർ രാഗേഷ്, എന്നിവർ ധഹ്റ ഗ്ലോബൽ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

ഓഗസ്റ്റ് 30നാണ് ഇവരെ ഖത്തർ അറസ്റ്റ് ചെയ്തത്. നാവികർ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്ക് വേണ്ടിയും ഇസ്രയേൽ ചാര സംഘടനയ്ക്ക് വേണ്ടിയും പ്രവർത്തിച്ചുവെന്നാണ് ഖത്തർ ഉയർത്തിയിരുന്ന ആരോപണം. ഇറ്റലിയിൽ നിന്ന് അന്തർവാഹിനി വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യനീക്കം ചോർത്തി നൽകിയെന്നതായിരുന്നു ഇവർക്കെതിരെ ഖത്തറിൽ ചുമത്തിയിരുന്ന കുറ്റം.

ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതിനെതിരെ അപ്പീൽ നൽകിയിരുന്നു. നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഇവർക്ക് മോചനം സാധ്യമായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് എട്ട് പേര്ക്കും ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ചത്. എന്നാൽ മുന് അപ്പീല് പരിഗണിച്ച് അപ്പീല് കോടതി വധശിക്ഷ റദ്ദാക്കി. പകരം ഇവർക്ക് ജയില് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ഇവരെ വിട്ടയച്ചുകൊണ്ട് ഖത്തർ അമിർ ഉത്തരവിറക്കുകയായിരുന്നു.

dot image
To advertise here,contact us
dot image