
അബുദബി: യുഎഇ ഫെഡറല് നാഷണല് കൗണ്സില് തിരഞ്ഞെടുപ്പിനുളള പ്രചരണത്തിന് നാളെ തുടക്കമാകും. 309 സ്ഥാനാര്ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഈ മാസം 23 വരെയാണ് പ്രചരണത്തിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി സമയം അനുവദിച്ചിരിക്കുന്നത്. അടുത്ത മാസം ഏഴിനാണ് ഫെഡറല് നാഷണല് കൗണ്സിലിലേക്കുളള വോട്ടെടുപ്പ്.
അബുദബിയില് 118 പേരും, ദുബൈയില് 57 പേരും, ഷാര്ജയില് 50 പേരുമാണ് മല്സര രംഗത്തുളളത്. അജ്മാന് 21,റാസല്ഖൈമ 14, ഉമല്ഖ്വയിന് 14,ഫുജൈറ 15 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്. സ്ഥാനാര്ത്ഥികളില് 41 ശതമാനം സ്ത്രീകളും 59 ശതമാനം പുരുഷന്മാരുമാണ്. അബുദബി, ദുബായ് എമിറേറ്റുകളില് നാല് വീതം സീറ്റുകളും ഷാര്ജ, റാസല്ഖൈമ എന്നിവിടങ്ങളില് മൂന്നും അജ്മാന്, ഉമ്മുല് ഖ്വയിന്, ഫുജൈറ എിവിടങ്ങളില് രണ്ട് സീറ്റുകള് വീതവുമാണ് അനുവദിച്ചിട്ടുളളത്.
പത്രിക പിന്വലിക്കാനുളള അവസാന തീയതി ഈ മാസം 26 ആണ്. വോട്ടര്മാരുടെ എണ്ണത്തില് ഇത്തവണ 18 ശതമാനത്തിന്റെ വര്ധനയുണ്ട്. ആകെ വോട്ടര്മാരില് 51 ശതമാനവും സ്ത്രീകളാണെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. അന്തിമ സ്ഥാനാര്ത്ഥി പട്ടികക്ക് ഇക്കഴിഞ്ഞ രണ്ടാം തീയതി തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്കിയിരുന്നു. 40 അംഗ ഫെഡറല് കൗണ്സിലിലേക്ക് 20 പേരെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. ബാക്കിയുളളവരെ വിവിധ എമിറേറ്റുകളിലെ ഭരണകര്ത്താക്കള് നാമനിര്ദ്ദേശം ചെയ്യും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.