ജീവന്മരണപ്പോരിന് പോര്‍ചുഗല്‍; നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്ക്കെതിരേ എളുപ്പമാകില്ലെന്ന് ക്രിസ്റ്റിയാനോ
നോര്‍ത്ത് മസെഡോണിയയ്ക്കെതിരായ മത്സരം തങ്ങള്‍ക്ക് ഒട്ടും എളുപ്പമാകില്ലെന്നാണ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത്.
29 March 2022 10:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഖത്തറില്‍ ഈ വര്‍ഷം നവംബറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ടിക്കറ്റ് ഉറപ്പാക്കാനുള്ള ജീവന്മരണപ്പോരാട്ടത്തിന് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോര്‍ചുഗലും ഇന്നിറങ്ങും. ഇന്നു രാത്രി 12:15 ന് സ്വന്തം തട്ടകമായ പോര്‍ട്ടോയില്‍ നടക്കുന്ന മത്സരത്തില്‍ കറുത്തകുതിരകളായ നോര്‍ത്ത് മസെഡോണിയയാണ് പോര്‍ചുഗലിന്റെ എതിരാളികള്‍.
പ്ലേ ഓഫിന്റെ ആദ്യ റൗണ്ടില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ തോല്പിച്ചാണ് കുഞ്ഞന്മാരായ നോര്‍ത്ത് മസെഡോണിയയുടെ വരവ്. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ നേടിയ ഏക ഗോളിലാണ് അവര്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തന്നെ ഏറ്റവും വലിയ അട്ടിമറി നടത്തിയത്.
അതേസമയം തങ്ങളുടെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ തുര്‍ക്കിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്പിച്ചാണ് പോര്‍ചുഗല്‍ എത്തുന്നത്. ഇന്നു നടക്കുന്ന മത്സരത്തില്‍ ജയിക്കാനായാല്‍ ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും ഖത്തറിലേക്ക് ടിക്കറ്റെടുക്കാം. എന്നാല്‍ കുഞ്ഞന്‍ ടീമാണെങ്കിലും മസെഡോണിയ എളുപ്പത്തില്‍ കീഴടങ്ങുന്നവരല്ലെന്നത് പോര്‍ചുഗല്‍ ആരാധകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നു.
ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തു വന്നതോടെയാണ് പോര്‍ചുഗലിനു പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. കഠിനമായ പരീക്ഷണങ്ങളെ അതിജീവിച്ചാണ് അവര്‍ ആദ്യ റൗണ്ടില്‍ തുര്‍ക്കിക്കെതിരേ ജയിച്ചത്. പ്രതിരോധനിരയിലെ സൂപ്പര്‍ താരങ്ങളായ റൂബന്‍ ഡയസും പെപ്പെയും ഇല്ലാതെ തുര്‍ക്കിയെ തോല്പിക്കാനായത് അവര്‍ക്ക് ആത്മവിശ്വാസം പകരുന്നു.
എന്നാല്‍ നോര്‍ത്ത് മസെഡോണിയയ്ക്കെതിരായ മത്സരം തങ്ങള്‍ക്ക് ഒട്ടും എളുപ്പമാകില്ലെന്നാണ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത്. 'ടീമിന് വളരെ ആത്മവിശ്വാസമുണ്ട്. താരങ്ങള്‍ തയാറെടുത്തെന്നു ഞാന്‍ കരുതുന്നു. ഞങ്ങളെ സംബന്ധിച്ച് ഇതൊരു ജീവന്മരണ പോരാട്ടമാണ്. ഇതു വളരെ പ്രധാനപ്പെട്ട മത്സരമാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെ ഏറ്റവും മികച്ച രീതിയില്‍ പിന്തുണക്കാന്‍ ആരാധകരോട് ആവശ്യപ്പെടാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ കളിക്കുന്നതിനാല്‍ ആളുകള്‍ എളുപ്പമുള്ള മത്സരമാകും ഇതെന്നു കരുതും. എന്നാല്‍ മാസെഡോണിയന്സ് ഇവിടെയെത്തിയത് അവര്‍ അര്‍ഹിച്ചതു തന്നെയാണ് എന്നതിനാല്‍ മത്സരം വളരെ കടുപ്പമുള്ള ഒന്നാകുമെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ വളരെ സംഘടിതമായ ടീമാണ്. എന്നാല്‍ പോര്‍ച്ചുഗല്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയാല്‍ ലോകത്തെ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയും.' റൊണാള്‍ഡോ പറഞ്ഞു.
തന്റെ ഭാവിയെക്കുറിച്ചും റൊണാള്‍ഡോ മാധ്യമങ്ങളോട് സംസാരിച്ചു. തന്റെ ഭാവി തീരുമാനിക്കുന്നത് താന്‍ മാത്രമാണെന്നും കളിക്കാന്‍ തോന്നുന്ന കാലത്തോളം അത് തുടരുമെന്നും അവസാനിപ്പിക്കാന്‍ തോന്നിയാല്‍ അത് അവസാനിപ്പിക്കുമെന്നും പോര്‍ച്ചുഗല്‍ നായകന് വ്യക്തമാക്കി. ആദ്യ ലോകകപ്പ് കളിക്കാന്‍ മാസിഡോണിയ വരുമ്പോള്‍ കരിയറിലെ അവസാനത്തേതാകാന്‍ സാധ്യതയുള്ള ലോകകപ്പിന് യോഗ്യത നേടുകയാണ് റൊണാള്‍ഡോയുടെ ലക്ഷ്യം.