ഈ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്സില്‍ തുടരും; ക്ലബുമായുള്ള കരാര്‍ പുതുക്കി
സീസണില്‍ ആറു വിദേശ താരങ്ങളാണ് ടീമിലുണ്ടായിരുന്നത്. ഇതില്‍ നാലു പേരങ്കെിലും അടുത്ത സീസണില്‍ ഉണ്ടാകുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.
26 March 2022 1:08 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഈ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സ് ഇലവനില്‍ ഉണ്ടായിരുന്ന ഒരു സൂപ്പര്‍ താരം കൂടി ടീമില്‍ തുടരുമെന്നുറപ്പായി. ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലെസ്കോവിച്ചാണ് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പം പന്ത് തട്ടാന്‍ എത്തുന്നത്. താരം പുതുക്കിയതായും ക്ലബുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
2022-23 സീസണിലേക്ക് ഏറ്റവും ആദ്യം കരാര്‍ പുതുക്കിയ വിദേശതാരമായി ഇതോടെ ലെസ്കോാവിച്ച്. ക്രൊയേഷ്യന്‍ ക്ലബ്് ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ലെസ്കോ ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. ക്രൊയേഷ്യയ്ക്കു പുറത്ത് താരം കളിക്കുന്ന ആദ്യ ക്ലബ് കൂടിയാണ് ബ്ലാസ്റ്റേഴ്സ്. താരം കരാര്‍ പുതുക്കിയതോടെ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയില്‍ ലെസ്കോവിച്ച്-ഹോര്‍മിപാം കൂട്ടുകെട്ട് കാണാനാകുമെന്ന ആവേശത്തിലാണ് ആരാധകര്‍.
നേരത്തെ നായകനും യുറുഗ്വെ താരവുമായ അഡ്രിയാന്‍ ലൂണയും കോച്ച് ഇവാന് വുകുമനോവിച്ചും അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പാക്കിയിരുന്നു. ലൂണയ്ക്ക് 2023 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു. സീസണില്‍ ആറു വിദേശ താരങ്ങളാണ് ടീമിലുണ്ടായിരുന്നത്. ഇതില്‍ നാലു പേരങ്കെിലും അടുത്ത സീസണില്‍ ഉണ്ടാകുമെന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.
ലൂണയ്ക്കൊപ്പം മുന്‍നിരയില്‍ മികച്ച കളി കെട്ടഴിച്ച ഹോര്‍ഗെ പെരേര ഡയസിനെയും ആല്‍വാരോ വാസ്ക്വസിനെയും നിലനിര്‍ത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതില്‍ ഡയസ് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. അതേസമയം വാസ്ക്വസിന്റെ കാര്യത്തില്‍ ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
അര്‍ജന്റീന താരമായ ഡയസ് അര്ജന്റീന് ക്ലബായ അത്ലറ്റിക്കോ പ്ലേറ്റെന്‍സില്‍ നിന്നു വായ്പാടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സില്‍ കളിക്കാനെത്തിയത്. സീസണില്‍ വായ്പാ അടിസ്ഥാനത്തില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഏക താരവും ഡയസായിരുന്നു. അതിനാല്‍ത്തന്നെ സീസണ് അവസാനിച്ചതോടെ താരം മടങ്ങിപ്പോകുമെന്നുറപ്പായിരുന്നു.
എന്നാല്‍ താരത്തിന് പ്ലേറ്റെന്സിലേക്കു തിരിച്ചുപോകാന്‍ താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ബ്ലാസ്റ്റേഴ്സ് ടീമുമായി വളരെ ഒത്തിണങ്ങിയ ഡയസിന് മഞ്ഞപ്പടയ്ക്കൊപ്പം തുടരാനാണ് താല്പര്യം. ഈ സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്സിന് ഡയസിനെ അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സ്വന്തമാക്കാനാകും. പക്ഷേ താരത്തിനായി പ്ലേറ്റെന്‍സ് എത്ര തുക ആവശ്യപ്പെടുമെന്നതിനേ ആശ്രയിച്ചിരിക്കും താരത്തിന്റെ മടങ്ങിവരവ്.