നന്ദി ആശാൻ; ഇവാൻ വുകുമാനോവിച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു, സ്ഥിരീകരിച്ച് മാനേജ്മെൻ്റ്

2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്
നന്ദി ആശാൻ; ഇവാൻ വുകുമാനോവിച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു, സ്ഥിരീകരിച്ച് മാനേജ്മെൻ്റ്

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സും മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേർപിരിഞ്ഞു. മാനേജ്മെൻ്റ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

'ടീമിന്റെ വളർച്ചക്കായി കഴിഞ്ഞ മൂന്ന് വർഷം ഇവാൻ വുകോമാനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഇക്കാലയളവിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവാൻ ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു', ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

'ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനങ്ങളിൽ ഒന്നാണിത്. ആദ്യ ദിവസം മുതൽ എനിക്ക് ഇവാനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായുള്ള ഈ വേർപിരിയലിൽ ഞാൻ ഖേദിക്കുന്നു, പക്ഷേ ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇതാണ് ശരിയായ തീരുമാനമെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലബിനായി അദ്ദേഹം നടപ്പിലാക്കിയ കാര്യങ്ങൾക്കും ഒപ്പം ക്ലബ്ബിന്റെ ഭാവിക്കായി അദ്ദേഹം സ്ഥാപിച്ച അടിത്തറയ്ക്കും ഞാനെന്നും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. അദ്ദേഹം എന്നും ബ്ലാസ്റ്റേഴ്സ് കുടുംബത്തിലെ അവിഭാജ്യ അംഗമായിരിക്കും. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു', ടീം ഡയറക്ടർ നിഖിൽ ബി പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com