

പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാർത്ഥികൾ. സംസ്‌കൃത അധ്യാപകന്‍ അനിലിന്റെ പീഡനത്തിനിരയായതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ പൊലീസിൽ മൊഴി നൽകി. അനിൽ റിമാൻഡിലാണ്.
സിഡബ്ല്യുസി നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ദുരനുഭവം തുറന്ന് പറഞ്ഞത്. ആദ്യഘട്ടത്തിൽ
കൗണ്‍സിലിങ്ങിന് വിധേയരാക്കിയ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പൊലീസിന് മൊഴി നല്‍കിയത്. യു പി ക്ലാസിലെ ആണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തുറന്നുപറച്ചില്‍ നടത്തിയതോടെ അടുത്ത ദിവസങ്ങളിലും സിഡബ്ല്യുസി കൗണ്‍സിലിങ് തുടരാനാണ് തീരുമാനം.
അതേസമയം വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച വിവരമറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം മറച്ചുവച്ചുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ സ്‌കൂള്‍ പരാതി നല്‍കിയതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഡിസംബര്‍ 18നായിരുന്നു പീഡന വിവരം വിദ്യാര്‍ത്ഥി സഹപാഠിയോട് തുറന്ന് പറഞ്ഞത്. ആ ദിവസം തന്നെ സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നു. തുടര്‍ന്ന് 19-ാം തിയതി അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ സംഭവം പൊലീസിനെയോ ബന്ധപ്പെട്ടവരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പീഡനവിവരം മറച്ചുവെച്ചതില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും നടപടിയുണ്ടാകും.
Content Highlight; In a case where a student was allegedly assaulted after being given alcohol, additional students have come forward with allegations against the teacher