ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ്, മോഹന്‍ ബഗാനോടും തോറ്റ് ഹൈദരാബാദ്

സീസണില്‍ ഒരു മത്സരം പോലും ഹൈദരാബാദിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ്, മോഹന്‍ ബഗാനോടും തോറ്റ് ഹൈദരാബാദ്

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ നോര്‍ത്ത് ഈസ്റ്റിന് തകര്‍പ്പന്‍ വിജയം. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. സൂപ്പര്‍ സാറ്റര്‍ഡേയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഹൈദരാബാദ് മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങി.

സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ലീഡെടുക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായി. നാലാം മിനിറ്റില്‍ ടോമി ജൂറികാണ് ആദ്യ ഗോള്‍ നേടിയത്. 15-ാം മിനിറ്റില്‍ നെസ്റ്റര്‍ ആല്‍ബിയാച്ചിലൂടെ ആതിഥേയര്‍ സ്‌കോര്‍ ഇരട്ടിയാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ നന്ദകുമാറിലൂടെ ഈസ്റ്റ് ബംഗാള്‍ മറുപടി പറഞ്ഞു.

66-ാം മിനിറ്റില്‍ ടോമി ജൂറിക്കിലൂടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും ലീഡുയര്‍ത്തി. 82-ാം മിനിറ്റില്‍ ബ്രൗണ്‍ ഫോര്‍ബ്‌സിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും വിജയം സ്വന്തമാക്കാനായില്ല. 16 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 12 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.

മറ്റൊരു മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി വീണ്ടുമൊരു പരാജയം വഴങ്ങി. മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദ് അടിയറവ് പറഞ്ഞത്. 12-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയിലൂടെ മുന്നിലെത്തിയ ബഗാന്‍ ആദ്യ പകുതിയുടെ അവസാന നിമിഷം ജേസണ്‍ കമ്മിങ്‌സിലൂടെ സ്‌കോര്‍ ഇരട്ടിയാക്കി. ഹൈദരാബാദിന് കാര്യമായ അവരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. സീസണില്‍ ഒരു മത്സരം പോലും മുന്‍ ചാമ്പ്യന്മാര്‍ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com