മെസ്സിയും ഹാളണ്ടും തമ്മിൽ മത്സരം, ബലോൻ ദ് ഓർ 2023; ജേതാവിനെ ഇന്നറിയാം

മികച്ച ​ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫിക്കുള്ള പട്ടികയിൽ അർജന്റീനൻ താരം എമിലിയാനോ മാർട്ടിനെസ് മത്സരിക്കും.
മെസ്സിയും ഹാളണ്ടും തമ്മിൽ മത്സരം, ബലോൻ ദ് ഓർ 2023; ജേതാവിനെ ഇന്നറിയാം

പാരിസ്: ബലോൻ ദ് ഓർ 2023 ജേതാവിനെ അറിയുവാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം രാത്രി 11.30നാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. 30 പേരടങ്ങുന്ന പട്ടികയാണെങ്കിലും പുരസ്കാരത്തിനായി പ്രധാന മത്സരം ലയണൽ മെസ്സിയും എർലിം​ഗ് ഹാളണ്ടും തമ്മിലാണ്. എട്ടാം തവണയും ബലോൻ ദ് ഓർ ജേതാവാകാൻ ലയണൽ മെസ്സി ഒരുങ്ങിക്കഴിഞ്ഞു. യുവേഫയുടെ മികച്ച താരമായതിന് ശേഷം ബലോൻ ദ് ഓറും നേടാനാണ് എർലിം​ഗ് ഹാളണ്ടിന്റെ തയ്യാറെടുപ്പ്.

അർജന്റീനയെ ലോക ചാമ്പ്യനാക്കിയതും രണ്ടാം തവണയും പിഎസ്ജിയെ ലീ​ഗ് 1 ജേതാക്കളാക്കിയതുമാണ് മെസ്സിയെ പുരസ്കാര പട്ടികയിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗിലും ലീഗ് 1 ലുമായി 39 മത്സരങ്ങളിൽ നിന്ന് മെസ്സി 40 ​ഗോളുകൾ നേടിയിരുന്നു. ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ മെസ്സി 1000 മത്സരങ്ങളെന്ന നാഴികകല്ല് പിന്നിട്ടു. നിലവിലെ ചാമ്പ്യനായിരുന്ന ഫ്രാന്‍സിനെ തോല്‍പ്പിച്ച് ലോക കിരീടം സ്വന്തമാക്കാനും മെസ്സി നായകനായ അർജന്റീനയ്ക്ക് കഴിഞ്ഞു.

നോര്‍വെയില്‍ നിന്ന് ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് എത്തിയ താരമാണ് എർലിം​ഗ് ഹാളണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളാണ് ഹാളണ്ട് വലയിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ആകെ 52 ഗോളുകള്‍ സിറ്റിക്കായി നേടി. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ സിറ്റി നേടുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച താരം. ചരിത്രത്തില്‍ ആദ്യമായി സിറ്റിയുടെ ട്രബിള്‍ നേട്ടത്തിൽ ഹാളണ്ടിന്റെ പേരും സുവർണ ലിപികളാൽ കൊത്തിവെയ്ക്കപ്പെടും.

മികച്ച ​ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫിയ്ക്കുള്ള പട്ടികയിൽ അർജന്റീനൻ താരം എമിലിയാനോ മാർട്ടിനെസ് മത്സരിക്കും. ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള പട്ടികയിലും അർജന്റീനൻ ​ഗോൾകീപ്പർ ഇടം പിടിച്ചിട്ടുണ്ട്. സെൽവിയ വിട്ട് അൽ ഹിലാലിൽ എത്തിയ യാസ്സിന്‍ ബോനോ, മാഞ്ചസ്റ്റർ സിറ്റി ​ഗോൾ കീപ്പർ എൻഡേഴ്സൺ തുടങ്ങിയവരും പട്ടികയിലുണ്ട്. ബലോൻ ദ് ഓർ പട്ടികയിൽ ഇടം നേടിയ ആന്ദ്ര ഒനാന മികച്ച ​ഗോൾ കീപ്പറാകാനും മത്സരിക്കും.

വനിതകളുടെ പട്ടികയിൽ യുവേഫ ജേതാവ് ഐറ്റാന ബോൺമതി ഇടം നേടി. ബാഴ്സലോണയ്ക്ക് വേണ്ടിയും ലോകകപ്പിൽ സ്പെയ്നിന് വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് ബോൺമതിയ്ക്ക് ​ഗുണമായത്. ജർമ്മൻ താരം അലക്സാണ്ട്ര പോപ്പാണ് പട്ടികയിൽ ഇടം നേടിയ മറ്റൊരു താരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com