
റിയാദ്: സൗദി പ്രോ ലീഗിൽ നെയ്മർ ജൂനിയറിന്റെ അരങ്ങേറ്റം ഗംഭീരമായി. അൽ റിയാദിനെതിരെ അൽ ഹിലാലിന് തകർപ്പൻ ജയം. പകരക്കാരനായി ഇറങ്ങി ഒരു ഗോളിന് വഴിയൊരുക്കി നെയ്മർ വരവറിയിച്ചു. തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം അൽ ഹിലാലിനായിരുന്നു. 4-2-3-1 ശൈലിയിൽ ഇറങ്ങിയ അൽ റിയാദ് ആദ്യമൊക്കെ പ്രതിരോധിച്ചു നിന്നു. 30-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ അലക്സാണ്ടർ മിട്രോവിച്ച് ആദ്യ ഗോൾ നേടി. പിന്നീടങ്ങോട്ട് ഗോൾ മഴ പിറന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ യാസർ അൽ ഷെഹ്റാനി രണ്ടാം ഗോൾ നേടി. രണ്ട് ഗോളിന്റെ ലീഡോടെ അൽ ഹിലാൽ ആദ്യ പകുതി അവസാനിപ്പിച്ചു. 62 ശതമാനം സമയവും അൽ ഹിലാൽ പന്ത് നിയന്ത്രിച്ചു. രണ്ടാം പകുതിയിലും അൽ ഹിലാൽ പന്തടക്കം തുടർന്നു. 64-ാം മിനിറ്റിൽ കാത്തിരുന്ന നിമിഷമെത്തി. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ അൽ ഹിലാൽ ജഴ്സിയിൽ കളത്തിലേക്ക്. പിന്നാലെ 68-ാം മിനിറ്റിൽ മൂന്നാം ഗോൾ പിറന്നു. നാസർ അൽ ദൗസരിയാണ് ഇത്തവണ ഗോൾ നേടിയത്.
അവസാന 15 മിനിറ്റിൽ പിറന്നത് നാല് ഗോളുകൾ. 83-ാം മിനിറ്റിൽ മാൽകോം ഒലിവേര വലചലിപ്പിച്ചു. നെയ്മർ ജൂനിയർ ഗോളിന് വഴിയൊരുക്കി. 87-ാം മിനിറ്റിൽ സലീം അൽ-ദൗസരിയുടെ ഊഴം. അൽ ഹിലാൽ അഞ്ച് ഗോളിന് മുന്നിലെത്തി. 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സലീം അൽ-ദൗസരി പിഴവുകളില്ലാതെ വലയിലെത്തിച്ചു. ഇതോടെ ആറ് ഗോളുകൾക്ക് അൽ ഹിലാൽ മുന്നിലെത്തി. അൽ റിയാദിന്റെ ആശ്വാസ ഗോൾ 96-ാം മിനിറ്റിൽ പിറന്നു. അലി അൽ-സഖാൻ റിയാദിന്റെ ഏക ഗോൾ നേടി. ഒന്നിനെതിരെ ആറ് ഗോളുകൾക്ക് അൽ ഹിലാലിന് തകർപ്പൻ ജയം.