'റെഡ്‌സ് അലേര്‍ട്ട്'; വോള്‍വ്‌സിനെതിരെ ലിവര്‍പൂളിന് ആവേശജയം

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റെഡ്‌സിന്റെ വിജയം
'റെഡ്‌സ് അലേര്‍ട്ട്'; വോള്‍വ്‌സിനെതിരെ ലിവര്‍പൂളിന് ആവേശജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ വോള്‍വ്‌സിനെ തകര്‍ത്ത് ലിവര്‍പൂള്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റെഡ്‌സിന്റെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചത്. ലിവര്‍പൂളിന് വേണ്ടി കോഡി ഗാക്‌പോ, ആന്‍ഡ്രൂ റോബേര്‍ട്‌സണ്‍,ഹാര്‍വി എലിയറ്റ് എന്നിവര്‍ ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടി. വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ലിവര്‍പൂളിന് സാധിച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലിവര്‍പൂളിനെ ഞെട്ടിച്ച് വോള്‍വ്‌സ് ലീഡ് നേടുകയായിരുന്നു. ഏഴാം മിനിറ്റില്‍ വിങ്ങര്‍ ഹ്വാങ് ഹീ ചാനാണ് ആദ്യ ഗോള്‍ നേടിയത്. ലിവര്‍പൂള്‍ പ്രതിരോധത്തെ തകര്‍ത്ത് മറ്റൊരു വിങ്ങര്‍ പെഡ്രോ നെറ്റോ നടത്തിയ ഒരു മികച്ച റണ്‍ ആണ് ഗോളിലെത്തിയത്. നെറ്റോ നല്‍കിയ പാസ് ഹ്വാങ് ഹീ ചാന്‍ ലക്ഷ്യത്തില്‍ എത്തിച്ചു. ആദ്യ മിനിറ്റില്‍ നേടിയ ലീഡ് ഒന്നാം പകുതിയിലുടനീളം നിലനിര്‍ത്താന്‍ വോള്‍വ്‌സിനായി.

പക്ഷേ രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ തിരിച്ചുവരവിനായിരുന്നു വോള്‍വ്‌സിന്റെ സ്വന്തം തട്ടകമായ മൊളിനക്‌സ് സാക്ഷ്യം വഹിച്ചത്. 55-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ പാസ് സ്വീകരിച്ച കോഡി ഗാക്‌പോ ലിവര്‍പൂളിന് സമനില നല്‍കി. ഗോള്‍ മടക്കിയ ശേഷവും ലിവര്‍പൂള്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറച്ചില്ല. നിശ്ചിത സമയം അവസാനിക്കാന്‍ വെറും അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ സലാ തന്നെ രണ്ടാം ഗോളിനും അവസരം ഒരുക്കി. 85-ാം മിനിറ്റില്‍ സലായുടെ പാസില്‍ റോബേര്‍ട്‌സണാണ് ഇത്തവണ ലക്ഷ്യം കണ്ടത്. പിന്നീട് മത്സരത്തിന്റെ അധിക സമയത്ത് ഹാര്‍വി എലിയറ്റിന്റെ ഷോട്ട് വലിയ ഡിഫ്‌ളക്ഷനോടെ വലയ്ക്കകത്തേക്ക് കയറി. ആവേശകരമായ മൂന്നാം ഗോളോടെ ലിവര്‍പൂള്‍ വിജയം ആധികാരികമായി ഉറപ്പിച്ചു.

വോള്‍വ്‌സിനെതിരായ വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. വോള്‍വ്‌സ് മൂന്ന് പോയിന്റുമായി 15-ാം സ്ഥാനത്താണ് ഉള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com