
ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിൽ ജ്യോത്സ്യൻ ഇടപെട്ടെന്ന വിവാദത്തിൽ പ്രതികരണവുമായി ഇഗോർ സ്റ്റിമാക്. ഉടൻ തന്നെ ചില വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സ്റ്റിമാക് പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചയ്ക്ക് താൻ പ്രതിജ്ഞാബദ്ധനാണെന്നും സ്റ്റിമാക് വ്യക്തമാക്കി.
ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചയ്ക്കായി സത്യസന്ധമായി പോരാടണം. ആരാണ് ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചയ്ക്കായി പരിശ്രമിക്കേണ്ടത്? അത് അറിയാനുള്ള സമയം വരികയാണ്. തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. തന്റെ ലക്ഷ്യം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയാണെന്നും സ്റ്റിമാക് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുമ്പായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ജ്യോത്സ്യനെ നിയമിച്ചിരുന്നു. കളിക്കാർക്ക് പ്രോത്സാഹനം നൽകാനാണ് നിയമനമെന്നായിരുന്നു ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വിശദീകരിച്ചത്. പരിശീലകൻ ഇഗോർ സ്റ്റിമാക് ജ്യോത്സ്യനുമായി നേരിട്ട് സംസാരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് നടത്തിയത് കളിക്കാരുടെ ഗ്രഹനില അനുസരിച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എഐഎഫ്എഫിന്റെ മുൻ സെക്രട്ടറി കുശൽ ദാസാണ് ജ്യോത്സ്യനെ സ്റ്റിമാകിന് പരിചയപ്പെടുത്തിയത്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ താൽപ്പര്യപ്രകാരമാണ് സ്റ്റിമാക് കളിക്കാരുടെ ഗ്രഹനില നോക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹി സ്വദേശി ബുപേഷ് ശർമ്മയാണ് ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് നടത്തിയ ജ്യോത്സ്യൻ. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് കളിക്കാരുടെ വിവരങ്ങൾ പുറത്തുവിടുന്നത് കുറ്റമാണെന്നിരിക്കെയാണ് ഇന്ത്യൻ ഫുട്ബോളിനെ നാണംകെടുത്തുന്ന സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.