
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് അനുമതി ലഭിച്ചതില്‍ നന്ദിയറിച്ച് കോച്ച് ഇഗോര്‍ സ്റ്റിമാക്. ഇന്ത്യന്‍ ഫുട്ബോളിന് ഇതൊരു മഹത്തായ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ഗെയിംസിന് പങ്കെടുക്കാന്‍ അനുമതി നല്‍കിയതില്‍ പ്രധാനമന്ത്രിക്കും കായികമന്ത്രാലയത്തിനും സ്റ്റിമാക് നന്ദി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കായികമന്ത്രി അനുരാഗ് താക്കൂര്‍, എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ, സെക്രട്ടറി ഷാജി പ്രഭാകരന് എന്നിവര്‍ക്കാണ് സ്റ്റിമാക് നന്ദിയറിയിച്ചത്. 'സമീപകാലത്തെ ഞങ്ങളുടെ മത്സരഫലങ്ങളും പരിശ്രമവും തിരിച്ചറിഞ്ഞ് ഏഷ്യന്‍ ഗെയിംസില്‍ വലിയ രാജ്യങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ അവസരമൊരുക്കിത്തന്നതിന് നന്ദി', സ്റ്റിമാക് ട്വിറ്ററില്‍ കുറിച്ചു.
It’s a great day for #Indianfootball, an enormously encouraging decision by the ministry of sports, honourable sport minister @ianuragthakur and our government!
— Igor Štimac (@stimac_igor) July 26, 2023
Big thanks to them for recognising our recent results and making it possible to challenge ourselves at the Asian Games pic.twitter.com/DOILlIzQCX
ആരാധകര്‍ക്ക് നന്ദി പറയാനും സ്റ്റിമാക് മറന്നില്ല. 'ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞങ്ങളെ പിന്തുണക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ സ്നേഹത്തിന് നന്ദി. നിങ്ങളുടെ ദശലക്ഷക്കണക്കിന് വരുന്ന സന്ദേശങ്ങളും ട്വീറ്റുകളും ഫുട്ബോളിനോട് നിങ്ങള്‍ക്കുള്ള അഭിനിവേശത്തിന്റെ തെളിവാണ്. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു', സ്റ്റിമാക് കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പുരുഷ-വനിത ഫുട്ബോള്‍ ടീമുകള്‍ പങ്കെടുക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചത്. നിലവിലെ മാനദണ്ഡ പ്രകാരം യോഗ്യത നേടാത്ത ഫുട്ബോള്‍ ടീമുകള്‍ക്കായി മാനദണ്ഡങ്ങളില്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ഇളവ് നല്‍കിയെന്ന് ട്വിറ്ററിലൂടെ അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. അടുത്തകാലത്ത് നടത്തിയ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് കായികമന്ത്രാലയം രണ്ടു ടീമുകള്‍ക്കും അനുമതി നല്‍കിയതെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുമെന്നും ഉറപ്പാണെന്ന് ട്വീറ്റില്‍ അനുരാഗ് താക്കൂര്‍ കുറിച്ചു.
Good news for Indian football lovers!
— Anurag Thakur (@ianuragthakur) July 26, 2023
Our national football teams, both Men’s and Women’s, are set to participate in the upcoming Asian Games.
The Ministry of Youth Affairs and Sports, Government of India, has decided to relax the rules to facilitate participation of both the…
ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റീമാക് നേരത്തെ കത്തയച്ചിരുന്നു. തങ്ങള്‍ പോരാടുന്നത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താനെന്ന് ഇഗോര്‍ സ്റ്റീമാക് കത്തില്‍ പറഞ്ഞിരുന്നു. ലോകത്തിലെ പ്രധാന കായിക ഇനമായ ഫുട്ബോള്‍ കളിക്കാനുള്ള ഇന്ത്യയുടെ അവസരം നശിപ്പിക്കരുത്. 2017 ല്‍ ഇന്ത്യ അണ്ടര്‍ 17 ലോകകപ്പിന് വേദിയായി. പുതിയ തലമുറയിലെ താരങ്ങളെ കണ്ടെത്തുന്നതിന് ഏറെ കഷ്ടപ്പെട്ടു. ഫിഫ ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീം അങ്ങയുടെ സ്വപ്നമാണ്. അതിലേക്കുള്ള യാത്രയുടെ ഭാഗമാണ് ഏഷ്യന്‍ ഗെയിംസെന്നും സ്റ്റിമാക് കത്തില്‍ വ്യക്തമാക്കിയിരുന്നു.