Top

'ആ ത്രയത്തിന്റെ അവസാന ഭാഗമാണ് ചുരുളി'; ലിജോ ജോസ് പറയുന്നു

ഈ.മ.യൗ, ജെല്ലിക്കട്ട്. ചുരുളി, എന്നീ സിനിമകള്‍ ഒരു ട്രലജിയുടെ ഭാഗമാണ്

25 Nov 2021 6:24 AM GMT
ഫിൽമി റിപ്പോർട്ടർ

ആ ത്രയത്തിന്റെ അവസാന ഭാഗമാണ് ചുരുളി; ലിജോ ജോസ് പറയുന്നു
X

ഈ.മ.യൗ, ജെല്ലിക്കട്ട്, ചുരുളി എന്നീ സിനിമകള്‍ ഒരു ട്രലജിയുടെ (ത്രയം) ഭാഗമാണെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ആ ത്രയത്തിന്റെ അവസാന ഭാഗമാണ് ചുരുളി. എന്നാല്‍ അതൊരിക്കലും ആദ്യമേ തീരുമാനിച്ച് നടപ്പാക്കിയതല്ല, സംഭവിക്കുകയായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു. ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇക്കാര്യം വ്യക്തമാക്കിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍:

'ഈ.മ.യൗ, ജെല്ലിക്കട്ട്. ചുരുളി, എന്നീ സിനിമകള്‍ ഒരു ട്രലജിയുടെ ഭാഗമാണ്. ആ ത്രയത്തിന്റെ അവസാനത്തെ സിനിമയാണ് ചുരുളി. ജീവിതം, മരണം, മരണത്തിന് ശേഷമുള്ള അവസ്ഥയെക്കുറിച്ചാണ് ആദ്യ സിനിമ. അത് അത്തരത്തില്‍ രൂപാന്തരപ്പെടുകയായിരുന്നു. ഒരിക്കലും ആദ്യമേ തീരുമാനിച്ച് നടപ്പാക്കിയതല്ല. ഈ.മ.യൗ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഒരു ത്രയം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നല്ല. ഈ മ യൗ, ജെല്ലിക്കട്ടിനും ശേഷം വളരെ സ്വാഭാവികമായാണ് ചുരുളിയിലേക്ക് എത്തുന്നത്.

തിരുമേനിയുടെയും മാടന്റെയും കഥ തിരക്കഥയുടെ ഭാഗമാക്കിയത് തിരക്കഥാകൃത്തായ എസ് ഹരീഷാണ്. സിനിമയുടെ പ്ലോട്ടുമായി എല്ലാവരെയും ബന്ധിപ്പിക്കാന്‍ കഴിയുന്ന കഥ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ കഥ ചേര്‍ക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴും ആ കഥയിലേക്ക് തിരിച്ചുവരാന്‍ പ്രേക്ഷകന് സാധിക്കണം. ഏത് കഥയില്‍ നിന്നാണോ ആരംഭിച്ചത് അവിടെതന്നെ അവസാനം എത്തിപ്പെടുന്നു എന്ന് സിനിമ കാണുമ്പോള്‍ മനസിലാകും'.

രാജ്യാന്തര മേളകളില്‍ ശ്രദ്ധ നേടിയ ചിത്രം അടുത്തിടെ സോണി ലൈവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറി വിളികളെക്കുറിച്ച് വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് ഹരീഷാണ്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.

Next Story

Popular Stories