റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കാം, പ്രകൃതിക്ക് സുരക്ഷയൊരുക്കാം; ഇന്ന് ലോക പ്രകൃതി സംരക്ഷണദിനം

ഒരു വസ്തു റീസൈക്കിൾ ചെയ്ത് ഉപയോ​ഗിക്കുന്നതിലൂടെ അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടിയാണ് കുറയുന്നത്
റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കാം, പ്രകൃതിക്ക് സുരക്ഷയൊരുക്കാം; ഇന്ന് ലോക പ്രകൃതി സംരക്ഷണദിനം

പ്രകൃതിയെ സംരക്ഷിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. പ്രകൃതി വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്നതിനാൽ സുരക്ഷിതമായ കൈകാര്യം ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം (World Nature Conservation Day). പ്രകൃതിയെ സംരക്ഷിക്കാൻ പല വഴികളുണ്ട്. നിരവധി കാര്യങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും വേണം. ഇതിൽ പ്രധാനമാണ് വസ്തുക്കളുടെ പുനരുപയോഗം. പുനരുപയോ​ഗിക്കാവുന്ന വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ശീലത്തിന്റെ ഭാ​ഗമാക്കേണ്ടത് അനിവാര്യമാണ്. ഒരു വസ്തു റീസൈക്കിൾ ചെയ്ത് ഉപയോ​ഗിക്കുന്നതിലൂടെ അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടിയാണ് കുറയുന്നത്.

പുനരുപയോ​ഗിക്കാവുന്ന വസ്തുക്കൾ വാങ്ങാം

ഷോപ്പിം​ഗിലേക്ക് വരുമ്പോൾ ആദ്യം ചെയ്യാനാവുക, ഒരു തവണ മാത്രം ഉപയോ​ഗിക്കാവുന്നവയെ മാറ്റി നി‍ർത്തി പുനരുപയോ​ഗിക്കാവുന്ന വസ്തുക്കൾ വാങ്ങുക എന്നതാണ്. വീണ്ടും വീണ്ടും ഉപയോ​ഗിക്കാവുന്ന പാത്രങ്ങൾ, വെള്ള കുപ്പികൾ, ബാ​ഗുകൾ - ഇതിൽ തന്നെ തുണി സഞ്ചികൾ, എന്നിവ വാങ്ങുന്നത് മാലിന്യം കുറയ്ക്കാൻ സഹായിക്കും. ഇവ റീസൈക്കിൾ ചെയ്യാവുന്നവ കൂടിയാണെന്നത് പ്രകൃതി സുരക്ഷ ഉറപ്പാക്കും.

പഴകിയവയ്ക്ക് നൽകാം പുതു ജീവൻ

ഉപയോ​ഗിച്ച് ഒഴിവാക്കാനായവയെ മറ്റൊന്നായി മാറ്റാം. ഫർണിച്ചറുകളൊ വീട്ടുപകരണങ്ങളോ വലിച്ചെറിയുന്നതിന് പകരം അവയെ റീസൈക്കിൾ ചെയ്ത് അലങ്കാരങ്ങളാക്കാം. ഒഴിവാക്കുന്ന പ്ലാസ്റ്റിക്, ഗ്ലാസ് കുപ്പികളിൽ മനോഹരമായ രൂപങ്ങളും ചിത്രങ്ങളും തീർക്കുന്നത് ഉദാഹരണം. ക്രിയാത്മകമായ ഇത്തരം പരിപാടികൾ പ്രകൃതിക്കും ഗുണം ചെയ്യുമെങ്കിൽ നല്ലതല്ലേ!

മാലിന്യം കുറയ്ക്കാം

റീസൈക്കിൾ ചെയ്യുന്നതുവഴി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവും കുറയ്ക്കാം. ഒരുപാട് കാലം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾ വാങ്ങുന്നതുവഴി ഇത്തരം വസ്തുക്കളുടെ അമിതമായ ഉത്പാദനത്തിലൂടെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാം. മാത്രമല്ല, അതുവഴി പ്രകൃതിയോടിണങ്ങി ഉത്പാദനം നടത്തുന്നവരെ പ്രോത്സാപ്പിക്കുകയും ചെയ്യാം.

റീസൈക്ലിംഗ് സെന്ററുകളെ പ്രോത്സാഹിപ്പിക്കാം

മറ്റൊന്ന് കൂടി ചെയ്യാം. പേപ്പർ മുതൽ പ്ലാസ്റ്റിക്കുകൾ വരെ റീസൈക്കിൾ ചെയ്യുന്ന, നാട്ടിലെ റീസൈക്ലിംഗ് സെന്ററുകളെ പ്രോത്സാഹിപ്പിക്കാം. റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കളെ സംഭാവന ചെയ്യാം, അതുവഴി ഊ‍ർജ്ജ സംരക്ഷണത്തിന്റെ ഭാ​ഗമാകാം, മലിനീകരണം കുറയ്ക്കാം, പ്രകൃതിയെ സംരക്ഷിക്കാം.

ഭക്ഷ്യമാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാം

ഭക്ഷ്യമാലിന്യങ്ങൾ സംസ്കരിക്കാനാകാത്തത് വലിയ തലവേദനയാണല്ലോ, റീസൈക്ലിംഗ് അവിടെയും ഒരു മികച്ച പോം വഴിയാണ്. ആഹാരാവശിഷ്ടങ്ങളെ ജൈവവളമാക്കി മാറ്റാമെന്നിരിക്കെ ഉപേക്ഷിക്കുന്നത് എന്തിന് ആലോചിക്കണം. ഉറവിട മാലിന്യ സംസ്കരണം, ബയോ കമ്പോസ്റ്റ് വഴി മാലിന്യങ്ങളെ വളമാക്കിയാൽ പിന്നെ എന്തിന് മാലിന്യത്തെ പേടിക്കണം.

റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ

അലുമിനിയം ക്യാൻ, സ്റ്റീൽ ക്യാൻ, പ്ലാസ്റ്റിക് ബീവറേജ് കണ്ടെയ്നേഴ്സ്, ന്യൂസ് പേപ്പർ, കാർബോർഡ് ബോക്സുകൾ, ഭക്ഷ്യമാലിന്യം, തുണികൾ, ഗ്ലാസുകൾ, റബ്ബർ ഉത്പന്നങ്ങൾ, ബാറ്ററികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇങ്ങനെ നീളുന്നു പട്ടിക.

നിത്യേന വലിച്ചെറിയുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ അളവ് ഗണ്യമായി കൂടൂന്നുണ്ട്. ജലാശയങ്ങളെ മലിനമാക്കുന്ന ഇത്തരം നശിക്കാത്ത മാലിന്യങ്ങൾ പ്രകൃതിയെ ശ്വാസംമുട്ടിക്കുകയാണ്. അതിനാൽ തന്നെ റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കാം, മാലിന്യം പുറന്തള്ളുന്നത് തടയാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com