നിസാരക്കാരനല്ല; എന്താണ് കള്ളക്കടല്‍?

സുനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും പറ്റില്ല
നിസാരക്കാരനല്ല; എന്താണ് കള്ളക്കടല്‍?

കേരളത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായിരിക്കുന്ന കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസമാണ്. കേരളത്തില്‍ അപ്രതീക്ഷിതമായി കടല്‍ കലിതുള്ളിയപ്പോള്‍ വീടുകളും വള്ളങ്ങളും അടക്കം നഷ്ടപ്പെട്ടത് നൂറുകണക്കിന് തീരവാസികള്‍ക്കാണ്. നിനച്ചിരിക്കാതെ കരയിലേക്ക് തിരമാലകള്‍ അലയടിച്ചപ്പോള്‍ തീരവാസികള്‍ ഒന്നടങ്കം പറഞ്ഞു ഇത് 'കള്ളക്കടല്‍'.

എന്താണ് കള്ളക്കടല്‍?

അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതാണ് കള്ളക്കടല്‍. സുനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാല്‍ സുനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും പറ്റില്ല. എന്താണ് കള്ളക്കടല്‍ പ്രതിഭാസമെന്ന് ആദ്യം നോക്കാം.

അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തിരമാലകള്‍ ആഞ്ഞടിക്കും. അവിചാരിതമായും അസാധാരണവുമായാണ് തിരമാലകള്‍ തീരത്തെത്തുക. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നാണ് ശക്തമായ തിരമാലകളുണ്ടാവുന്നത്. സുനാമിയുമായി സമാനതകളുണ്ട് ഈ കള്ളക്കടല്‍ പ്രതിഭാസത്തിന്. സുനാമിയുടെ സമയത്ത് തീരം ഉള്ളിലോട്ട് വലിഞ്ഞ ശേഷം തിരമാലകള്‍ അടിച്ചുകയറുകയാണ് ചെയ്യുന്നത്. ഇതുപോലെ തന്നെയാണ് കള്ളക്കടല്‍ സമയത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത്.

2018ല്‍ കേരളത്തിന്റെ തീരദേശമേഖലകളില്‍ കള്ളക്കടല്‍ പ്രതിഭാസം വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയിരുന്നു. നൂറോളം വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഉയര്‍ന്ന തിരമാലകളും കടല്‍ക്ഷോഭവും കണ്ടപ്പോള്‍ അന്നും ഇത് സുനാമിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്നും കടല്‍ക്ഷോഭങ്ങളെ തുടര്‍ന്ന് ഇങ്ങനെയൊരു ആശങ്കയുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്ക വേണ്ട എന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. വേലിയേറ്റ സമയമായതിനാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് ഇപ്പോഴുണ്ടായ കടലാക്രമണങ്ങളെന്നാണ് വിശദീകരണം.

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ടും വള്ളവുമൊക്കെ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുകയും വേണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com