

പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. നാളെ മുതല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. എത്തിഹാദ് എയര്‍ലൈൻ അബുദാബിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ന് മുതല്‍ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.
ആദ്യം പരിമിതമായി വിമാന സര്‍വീസുകൾ തുടങ്ങി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതല്‍ സര്‍വീസുകൾ നടത്താൻ എമിറേറ്റ്സ് എയർലൈൻസ് തീരുമാനിച്ചത്. നാളെ മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും പ്രതിദിനം 83 നഗരങ്ങളിലായി 106 സര്‍വ്വീസുകള്‍ നടത്തുമെന്നും എമിറേറ്റസ് അറിയിച്ചു. കുറഞ്ഞ ഫ്ളൈറ്റ് ഷെഡ്യൂളുകളില്‍ നിന്ന് ക്രമേണ പൂര്‍ണ്ണമായ രീതിയില്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനാണ് വിമാനക്കമ്പനി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം എയര്‍ലൈന്‍ മുപ്പതിനായിരത്തോളം യാത്രക്കാരെ വിവിധ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചിരുന്നു. എത്തിഹാദ് എയര്‍വേയ്‌സും അബുദാബിയില്‍ നിന്നുള്ള വിമാന സര്‍വീസ് ഇന്ന് മുതൽ ഭാഗികമായി പുനസ്ഥാപിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്ര മുടങ്ങിയവര്‍ക്കാകും പുതിയ ഷെഡ്യൂളുകളില്‍ ആദ്യ മുന്‍ഗണന നല്‍കുക. പുതിയ യാത്രക്കാര്‍ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് വീണ്ടും ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും പുനഃസ്ഥാപിച്ചവയില്‍ ഉള്‍പ്പെടുന്നു. വിമാനത്താവളങ്ങളില്‍ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനായി എയര്‍ലൈനില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷം മാത്രം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാൽ യാത്രയ്ക്ക് മുന്‍പായി എയര്‍ലൈന്‍ വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ പരിശോധിച്ച് വിമാനത്തിന്റെ സ്റ്റാറ്റസ് ഉറപ്പുവരുത്തണം.
യാത്രക്കാര്‍ ടിക്കറ്റ് ബുക്കിംഗ് സമയത്ത് നല്‍കിയ കോണ്‍ടാക്റ്റ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താനും കൂടുതല്‍ വിവരങ്ങള്‍ക്കായി ഇമെയില്‍ പരിശോധിക്കാനും എയര്‍ലൈന്‍റെ അറിയിപ്പുണ്ട്. വിപുലമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് വിമാന സര്‍വീസിന് തുടക്കം കുറിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്നതായും എത്തിഹാദ് വ്യക്തമാക്കി.
Content Highlight; Decision to start more flights from the UAE