

യാത്രക്കാരെ ദുരിതത്തിലാക്കി ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം വൈകിയതിൽ നടപടിയുമായി അധികൃതർ. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യന്‍ എക്‌സപ്രസ് അറിച്ചിരിക്കുന്നത്. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുളള യാത്രക്കാരെ ദുരിതത്തിലാക്കിയത്.
യുഎഇ സമയം ഇന്ന് രാവിലെ 6.05-ന് ആയിരുന്നു ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരോട് പ്രതികൂല കാലാവസ്ഥ മൂലം വിമാനം അല്‍പ്പം വൈകുമെന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് പല തവണ സമയം മാറ്റി. പ്രതിഷേധം ശക്തമായതോടെ ഉച്ചയോടെ യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റിയെങ്കിലും യാത്ര പിന്നെയും അനിശ്ചിതമായി നീണ്ടു. എപ്പോള്‍ വിമാനം പുറപ്പെടുമെന്ന് പറയാന്‍ ജീവനക്കാര്‍ക്ക് കഴിയാതെ വന്നതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍ ഉള്‍പ്പെടെയുള്ളവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്.
പ്രതിഷേധം ശക്തമായതിന് പിന്നാലെ മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി. പിന്നാലെ വൈകിട്ട് അഞ്ച് മണിക്ക് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. നാളെ രാവിലെ ഏഴരക്ക് മുഴുവന്‍ ആളുകളെയും എത്തിക്കുമെന്നാണ് ഒടുവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. മണിക്കൂറുകളോളം വിമാനത്താവളത്തിലും വിമാനത്തിനുളളിലും കഴിയേണ്ടി വന്നിട്ടും ആഹാരമോ വെള്ളമോ നല്‍കിയില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടക്കം 150 യാത്രക്കാരാണ് ദുബായില്‍ കുടുങ്ങിയത്. മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്ത് നിന്നുള്ള വിമാനം റാസല്‍ ഖൈമയിലേക്ക് തിരിച്ചുവിടേണ്ടി വന്നെന്നും ഇതാണ് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള യാത്ര വൈകാന്‍ കാരണമെന്നുമാണ് എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ വിശദീകരണം.
Content Highlights: Air India Express delayed in Dubai, Passengers were transferred to the hotel