

മലയാളികള്‍ ഏറെ കാത്തിരുന്ന തിരിച്ചുവരവായിരുന്നു മോഹന്‍ലാലിന്റേത്. രണ്ട് 200 കോടി സിനിമയുള്‍പ്പെടെ മൂന്ന് വമ്പന്‍ ഹിറ്റുകളുമായിട്ടാണ് മലയാളികളുടെ ലാലേട്ടന്‍ തന്റെ ഗംഭീര തിരിച്ചുവരവ് നടത്തിയത്. അതുപോലെ നമ്മള്‍ എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു കംബാക്ക് കൂടിയുണ്ട് അത് മറ്റാരുമല്ല, നിവിന്‍ പോളിയാണ്. വമ്പന്‍ സിനിമകളുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിനും. ഇത്തവണ ലാലേട്ടനൊപ്പമാണ് നിവിന്‍ ക്ലാഷിനിറങ്ങുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
എന്നാല്‍ ഇത് ആദ്യമായിട്ടല്ല മോഹന്‍ലാല്‍-നിവിന്‍ പോളി സിനിമകള്‍ ക്ലാഷിനൊരുങ്ങുന്നത്. മുന്‍പ് മൂന്ന് തവണ ഇരുവരുടെയും സിനിമകള്‍ ഒന്നിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. 2015 ലാണ് ആദ്യമായി മോഹന്‍ലാല്‍-നിവിന്‍ പോളി സിനിമകള്‍ ഒന്നിച്ചെത്തിയത്. എന്നും എപ്പോഴും, ഒരു വടക്കന്‍ സെല്‍ഫി എന്നീ സിനിമകളാണ് ആ വര്‍ഷം മാര്‍ച്ച് 27 ന് ക്ലാഷിനെത്തിയത്. സത്യന്‍ അന്തിക്കാട് ഒരുക്കിയ എന്നും എപ്പോഴും ബോക്‌സ് ഓഫീസില്‍ വിജയമായി. ഫീല്‍ ഗുഡ് സ്വഭാവത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ മഞ്ജു വാര്യര്‍, ലെന, ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ജി പ്രജിത് ഒരുക്കിയ ഒരു വടക്കന്‍ സെല്‍ഫി 2015 വലിയ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു. നാല് കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമ 25 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. സിനിമയിലെ റിലേറ്റബിള്‍ ആയ സന്ദര്‍ഭങ്ങളും നിവിന്റെ ഉമേഷ് എന്ന കഥാപാത്രവും ഇന്നും ആഘോഷിക്കപ്പെടുന്നു.

2017 ഓണത്തിനായിരുന്നു വീണ്ടും ഇരുവരുടെയും സിനിമകള്‍ ഒരുമിച്ചെത്തിയത്. ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകവുമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ അല്‍ത്താഫ് സലിം ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ആയിരുന്നു നിവിന്‍ ചിത്രം. ഇരുസിനിമകള്‍ക്കും ബോക്‌സ് ഓഫീസില്‍ വിജയിക്കാനായി. സമ്മിശ്ര പ്രതികരണമായിരുന്നു വെളിപാടിന്റെ പുസ്തകത്തിന് ലഭിച്ചത്. തിരക്കഥയ്ക്കും പ്രകടനങ്ങള്‍ക്കും വിമര്‍ശനം ലഭിച്ചെങ്കിലും സിനിമയ്ക്ക് തിയേറ്ററില്‍ ആളെക്കൂട്ടാനായി. അതേസമയം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. അല്‍ത്താഫ് ഒരുക്കിയ ചിത്രം വേറിട്ട അവതരണം കൊണ്ടും ചിരിപ്പിച്ച കഥാഗതികൊണ്ടും കയ്യടി വാങ്ങി. ഇന്നും നിവിന്റെ കരിയറിലെ മികച്ച ചിത്രമായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കണക്കാക്കപ്പെടുന്നുണ്ട്.

2019 ഓണം സീസണില്‍ ഇരുവരുടെയും സിനിമകള്‍ വീണ്ടും ഏറ്റുമുട്ടി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരുക്കിയ ലവ് ആക്ഷന്‍ ഡ്രാമയുമായി നിവിന്‍ പോളി എത്തി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസിലെ ആ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായി സിനിമ. നിവിന്റെ പ്രകടനവും സിനിമയുടെ കളര്‍ഫുള്‍ മേക്കിങ്ങും കയ്യടി വാങ്ങി. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ആയിരുന്നു ഇത്തവണ നിവിന്റെ എതിരാളി. തിയേറ്ററില്‍ കുറച്ചൊക്കെ ആളെക്കയറ്റാന്‍ മോഹന്‍ലാല്‍ ചിത്രത്തിന് സാധിച്ചെങ്കിലും പ്രതികരണങ്ങളില്‍ സിനിമ ഒരുപാട് പുറകോട്ട് പോയി.
ഇപ്പോഴിതാ ഇത്തവണ ക്രിസ്മസിന് മോഹന്‍ലാല്‍-നിവിന്‍ പോളി സിനിമകള്‍ ഒരിക്കല്‍ കൂടി ഒരുമിച്ച് തിയേറ്ററുകളില്‍ എത്തുകയാണ്. നിവിന്റെ സര്‍വ്വം മായയും മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ വൃഷഭയുമാണ് ഒരുമിച്ചെത്തുന്നത്. അഖില്‍ സത്യന്‍ ഒരുക്കുന്ന സര്‍വ്വം മായ ഹൊറര്‍ കോമഡി ഴോണറില്‍ ആണ് ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന്‍ ഒരുക്കുന്ന ചിത്രമാണ് സര്‍വ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിന്‍ ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ഡിസംബര്‍ 25 സര്‍വ്വം മായ തിയേറ്ററുകളില്‍ എത്തും.

പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയാകട്ടെ ആഗോള തലത്തില്‍ ഡിസംബര്‍ 25 ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ നവംബര്‍ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചിരുന്നു. സംവിധായകന്‍ നന്ദകിഷോര്‍ ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.

നിവിന്‍ പോളിയുടെ അഭിനയരീതികളും പ്രേക്ഷകര്‍ക്ക് അദ്ദേഹത്തോടുള്ള ഇഷ്ടവുമെല്ലാം പലപ്പോഴും മോഹന്‍ലാലിനോടാണ് താരതമ്യം ചെയ്യപ്പെട്ടിട്ടുള്ളത്. അഖില്‍ സത്യന്‍ പോലും എന്റെ മോഹന്‍ലാല്‍ എന്നായിരുന്നു നിവിന്‍ പോളിയെ വിശേഷിപ്പിച്ചത്. ആ മോഹന്‍ലാലിനൊപ്പം ക്ലാഷുമായി എത്തിയപ്പോഴെല്ലാം വിജയം ഒരുപടി കൂടുതല്‍ നിവിന്‍ പോളിക്കൊപ്പമായിരുന്നു. ഇത്തവണ, മലയാളത്തിന്റെ രണ്ട് പ്രിയതാരങ്ങള്‍ രണ്ട് വമ്പന്‍ സിനിമയുമായി എത്തുമ്പോള്‍ ഇത്തവണ വിജയം ആര്‍ക്കൊപ്പമെന്ന് കാത്തിരുന്നു കാണാം.
Content Highlights: Mohanlal vs Nivin Pauly Clash