മദ്യപിക്കാൻ 10 പൈസയ്ക്ക് അരി ചുമടെടുപ്പ്, പിന്നീട് കണ്ടക്ടർ, ഒടുവിൽ സൂപ്പർസ്റ്റാർ; രജനികാന്തിന്‍റെ കഥ

ഓരോ തവണ രജനിയുഗം അവസാനിച്ചെന്ന് പറയുമ്പോഴും അപ്പോളൊക്കെയും ബോക്‌സോഫീസിനെ വിറപ്പിച്ചുകൊണ്ട് രജനികാന്ത് എത്തിയിട്ടുണ്ട്.

മദ്യപിക്കാൻ 10 പൈസയ്ക്ക് അരി ചുമടെടുപ്പ്, പിന്നീട് കണ്ടക്ടർ, ഒടുവിൽ  സൂപ്പർസ്റ്റാർ; രജനികാന്തിന്‍റെ കഥ
അശ്വിൻ രാജ് എൻ കെ
1 min read|12 Dec 2024, 07:05 pm
dot image

കർണ്ണാടക-തമിഴ്‌നാട് അതിർത്തിയിലുളള നാച്ചിക്കുപ്പത്തിലേക്ക് കുടിയേറിയ മറാഠ കുടുംബത്തിൽ 1950 ഡിസംബർ 12 ന് പൊലീസ് കോൺസ്റ്റബിളായ റാണോജി റാവു ഗെയ്ഗ്വാദ്, രാം ഭായി ദമ്പതികൾക്ക് ഒരു മകൻ പിറന്നു. മറാഠ സാമ്രാജ്യത്തിലെ തങ്ങളുടെ പൂർവികനായ ശിവാജിയുടെ പേരായിരുന്നു കുഞ്ഞിന് നൽകിയത്. പിന്നീട് ജോലിയുടെ ഭാഗമായി റാണോജിക്ക് ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗറിലേക്ക് താമസം മാറ്റേണ്ടി വന്നു.

ചെറിയ പ്രായത്തിൽ തന്നെ ശിവാജിയുടെ അമ്മ മരിച്ചതോടെ മൂത്ത ചേട്ടനായ സത്യനാരായണ റാവു ആയിരുന്നു ശിവാജിയുടെ കാര്യങ്ങൾ ശ്രദ്ധിച്ചത്. അമ്മയില്ലാതെ വളർന്ന കുട്ടിയായത് കൊണ്ട് തന്നെ കാര്യമായ നിയന്ത്രണങ്ങളില്ലാതെ വളർന്ന ശിവാജി കൗമാര പ്രായത്തിൽ തന്നെ മദ്യപിച്ച് തുടങ്ങി. ശിവാജിയെ പൊലീസുകാരനാക്കണമെന്ന് ആഗ്രമുണ്ടായിരുന്ന റാണോജി മകനോട് പത്താക്ലാസിന് ശേഷം പഠിക്കാൻ പറഞ്ഞെങ്കിലും തനിക്ക് താൽപ്പര്യമില്ലെന്നായിരുന്നു മകന്‍റെ മറുപടി.

ഇടയ്ക്ക് നാടകങ്ങളിൽ അഭിനയിച്ച ശിവാജി അഭിനയമോഹം തലയ്ക്ക് പിടിച്ച് മദ്രാസിലേക്ക് നാടുവിട്ടെങ്കിലും ഏറെ താമസിയാതെ തിരികെ ബാഗ്ലൂരിലേക്ക് തന്നെ വന്നു. ബാംഗ്ലൂരിലെ ശേഷാദ്രിപുരം പ്രദേശത്തെ മൈസൂർ മെഷിനറിയിലും ബന്ധുവിന്റെ അരിക്കടയിലും ജോലി ചെയ്ത രജനി പിന്നീട് ചേട്ടന്റെ നിർബന്ധപ്രകാരം കർണാടക ട്രാൻസ്പോർട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലിക്ക് കയറി. അവിടെ വെച്ചാണ് ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്ത് രാജ്ബഹാദൂറിനെ പരിചയപ്പെടുന്നത്.

ജോലിയും നാടകങ്ങളും മദ്യപാനവുമൊക്കെയായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ഒരു പെൺകുട്ടിയുമായി ശിവാജി അടുപ്പത്തിലാവുന്നത്. ഒരിക്കൽ ശിവാജിയുടെ നാടകം കണ്ട പെൺകുട്ടി ശിവാജിയോട് സിനിമയിൽ എന്തായാലും അഭിനയിക്കണമെന്നും പറഞ്ഞു. മദ്രാസിൽ പുതുതായി ആരംഭിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർത്തയും ആ പെൺകുട്ടിയാണ് ശിവാജിക്ക് കാണിച്ചു കൊടുത്തത്.

Rajanikanth Acted in Drama
നാടകത്തില്‍ അഭിനയിക്കുന്ന രജനികാന്ത്

ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ, ആദ്യം എതിർത്തെങ്കിലും ശിവാജിയെ കുറിച്ച് നന്നായി അറിയുന്ന സത്യനാരായണൻ പിന്നീട് അതിന് സമ്മതിച്ചു. എന്നാൽ ജോലി കളയരുതെന്നും അദ്ദേഹം ശിവാജിയെ ഉപദേശിച്ചിരുന്നു. അച്ഛൻ റാണോജിക്ക് ഈ തീരുമാനത്തിൽ അത്ര താൽപ്പര്യമുണ്ടായിരുന്നില്ലെങ്കിലും ശിവാജി കണ്ടക്ടർ ജോലിയിൽ നിന്ന് ലീവ് എടുത്ത് ഇൻസ്റ്ററ്യൂട്ടിൽ ചേർന്നു. അക്കാലത്ത് രാജ് ബഹാദുറും മറ്റു സുഹൃത്തുക്കളും ചേർന്നായിരുന്നു ശിവാജിക്ക് ആവശ്യമുള്ള പണം അയച്ചു നൽകിയിരുന്നത്.

മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജി പഠനകാലത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടു. അവിടെ ക്ലാസ് എടുക്കാൻ വന്ന സംവിധായകൻ കെ ബാലചന്ദ്രർ തന്റെ പുതിയ ചിത്രമായ അപൂർവരാഗങ്ങളിൽ ശിവാജിക്ക് ഒരു വേഷം നൽകാമെന്നും എന്നാൽ അതിന് തമിഴ് പഠിക്കണമെന്നും പറഞ്ഞു. വളരെ പെട്ടെന്ന് ശിവാജി തമിഴ് സംസാരിക്കാൻ പഠിച്ചു. തമിഴിൽ ശിവാജി ഗണേഷൻ കത്തി നിൽക്കുന്ന സമയമാണിത്. സ്വഭാവികമായി ശിവാജിയെന്ന പേര് മാറ്റാൻ ബാലചന്ദ്രർ തീരുമാനിച്ചു. അങ്ങനെ ശിവാജി രജനികാന്ത് ആയി മാറി.

ആദ്യ സിനിമയിൽ തന്നെ ശ്രദ്ധേയനായ രജനിക്ക് പുതിയ സിനിമകൾ വന്നു തുടങ്ങി. തുടക്കകാലത്ത് വില്ലനായി എത്തിയ രജനിക്ക് എസ് പി മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി(1977) എന്ന ചിത്രം കരിയറിൽ ഒരു ബ്രേക്ക് ആയി. മുള്ളും മലരും, ആറിലിരുന്ത് അറുപത് വരെ തുടങ്ങിയ ചിത്രങ്ങൾ രജനിയെന്ന നടനെയും താരത്തെയും തമിഴ് സിനിമയിൽ ഉറപ്പിച്ചു. ഈ കാലഘട്ടത്തിൽ മറ്റുചില പ്രശ്‌നങ്ങൾ രജനിക്ക് നേരിടേണ്ടി വന്നു. ഒന്ന്, താൻ ജീവിതത്തിൽ സ്‌നേഹിച്ചിരുന്ന ആ പെൺകുട്ടിയെ രജനിക്ക് പിന്നീട് ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ട് രജനിയുടെ മദ്യപാനശീലം വലിയ വിമർശനങ്ങൾ വാങ്ങിക്കൊടുത്തു. രജനിയെ കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കഥകൾ സിനിമാരംഗത്ത് പ്രചരിച്ചു.

1980 കളിൽ അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായി രജനി അഭിനയിച്ച ബില്ല എന്ന ചിത്രം റിലീസ് ചെയ്തു. ബില്ല ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. ഇതോടെ തമിഴ് സിനിമയിൽ പുതിയ സൂപ്പർസ്റ്റാറായി രജനിമാറി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്ട്രു മുഗം നെട്രികൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി എത്തി.

rajnikanth old pic

അമിതാബിന്റെ പല ചിത്രങ്ങളും രജനി തമിഴിലേക്ക് റീമേക്ക് ചെയ്തു. ഇതിനിടെ തന്നെ അഭിമുഖം ചെയ്യാൻ എത്തിയ പെൺുകുട്ടിയുമായി രജനി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. ഇതിനിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് രജനി ഒരു പ്രഖ്യാപനം നടത്തിയത്. താൻ തിരക്കഥ എഴുതിയ വള്ളി എന്ന ചിത്രത്തോടെ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ രജനികാന്ത് പ്രഖ്യാപിച്ചു. വ്യാപകപ്രതിഷേധമാണ് ഇതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ഉണ്ടായത്. തുടർന്ന് ഈ തീരുമാനത്തിൽ നിന്ന് രജനി മാറി. പിന്നീട് മണിരത്‌നം സംവിധാനം ചെയ്ത ദളപതിയിൽ രജനികാന്ത് അഭിനയിച്ചു. പക്ഷേ ഇതേസമയം തന്നെ മറ്റൊരു വാർത്തയും തമിഴ്‌നാട്ടിൽ പ്രചരിച്ചു. രജനി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ഇതേ കാലഘട്ടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിതയുമായി രജനിക്കുണ്ടായ പ്രശ്‌നവും ഇത്തരം വാർത്തകൾക്ക് ചൂടുപിടിപ്പിച്ചു.

ഇതിനിടെയാണ് 1992 ൽ പേയ്സ് ഗാർഡനിലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന രജിനിയുടെ വണ്ടി എം.ജി.ആർ റോഡിൽ ട്രാഫിക്ക് കരുക്കിൽ പെട്ടത്. അവിടെ നിൽക്കുന്ന ഒരു പൊലീസുകാരനോട് അന്വേഷിച്ചപ്പോൾ മുഖ്യമന്ത്രിയായ ജയയുടെ വാഹനം കടന്നു പോകാൻ ഗതാഗതം സ്തംഭിപ്പിച്ചിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.

ഒരുപാട് സമയം ബോക്കിൽ പെട്ട് കിടന്നതോടെ സഹികെട്ട രജനി മുഖ്യമന്ത്രി വരാൻ വൈകുകയാണെങ്കിൽ വാഹനങ്ങൾ കടത്തിവിട്ടു കൂടെ ചോദിച്ചു. എന്നാൽ തനിക്ക് കിട്ടിയ നിർദേശം ഇങ്ങനെയാണെന്ന് പൊലീസുകാരൻ മറുപടി പറഞ്ഞു. ഇതിനുള്ള മറുപടി പക്ക സിനിമ സ്‌റ്റൈലിലായിരുന്നു. തിരക്കേറിയ ആ റോഡിൽ വെച്ച് രജിനി തന്റെ കാറിൽ നിന്ന് ഇറങ്ങി. പതിയ നടന്ന് അടുത്തുള്ള പെട്ടികടയിൽ ചെന്ന് ഒരു സിഗരറ്റ് വാങ്ങി സൈഡിൽ നിന്ന് വലിക്കാൻ തുടങ്ങി.

തങ്ങളുടെ ഇഷ്ടനായകൻ നടുറോഡിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടതോടെ ജനം തിങ്ങി കൂടി. വഴിയിലെ ബ്ലോക്ക് വർധിച്ചു. ജയയുടെ വാഹനം വന്നപ്പോൾ കടന്നുപോകാനാവാത്ത സ്ഥിതിയായി. ഒടുവിൽ കടത്തിവിടാനാവില്ല എന്ന് പറഞ്ഞ അതേ പൊലീസുകാരൻ വന്ന് അദ്ദേഹത്തോട് സ്ഥലത്ത് നിന്നും പോകണമെന്ന് അപേക്ഷിച്ചു. മുഖ്യമന്ത്രി പോകാൻ കാത്തുനിൽക്കുകയാണ് എന്നായിരുന്നു അതിന് രജനി നൽകിയ മറുപടി.

രാഷ്ട്രീയപ്രവേശന ചർച്ചകൾക്ക് താൽക്കാലിക വിരാമമിട്ട് രജനികാന്ത് വീണ്ടും സിനിമയിൽ സജീവമായി. ഇക്കാലത്ത് എത്തിയ രജനിയുടെ മുത്തു, പടയപ്പ, ബാഷ, തുടങ്ങിയ ചിത്രങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ ഹിറ്റായി. തനിക്ക് സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങൾ പഞ്ച് ഡയലോഗുകളായി രജനി സിനിമയിൽ അവതരിപ്പിച്ചു. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനികാന്ത് മറുപടി പറഞ്ഞത് 'നാൻ എപ്പോ വരുവേൻ എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്, ആനാ വര വേണ്ടിയ നേരത്തിലെ കറക്ടാ വരുവേൻ' എന്ന ഡയലോഗിലോടെയായിരുന്നു. ഇതിന് പുറമെ വെള്ളിത്തിരയിലെ സ്റ്റൈൽ മന്നൻ സിനിമയ്ക്ക് പുറത്ത് മേക്കപ്പില്ലാതെ എത്താൻ തുടങ്ങി.

rajnikanth

1999 ൽ പടയപ്പയുടെ വലിയ വിജയത്തിന് ശേഷം 3 വർഷത്തെ ഇടവേള കഴിഞ്ഞ് ബാബ എന്ന ചിത്രവുമായി രജനി എത്തിയെങ്കിലും ആ ചിത്രം ബോക്‌സോഫീസിൽ തകർന്നു തരിപ്പണമായി. രജിനിക്കെതിരെ പ്രതിഷേധവുമായി വിതരണക്കാരും തിയേറ്റർ ഉടമകളും രംഗത്ത് എത്തി. ഇവർക്കെല്ലാം ഉണ്ടായ നഷ്ടം രജനി നികത്തി. എന്നാൽ വിമർശകർക്ക് രജനി മറുപടി നൽകിയത് ചന്ദ്രമുഖി എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിചിത്രത്താഴിന്റെ റീമേക്ക് ആയ ചന്ദ്രമുഖി 890 ൽ അധികം ദിവസമാണ് തമിഴ്‌നാട്ടിൽ പ്രദർശനം നടത്തിയത്.

ശിവാജി, എന്തിരൻ തുടങ്ങിയ ചിത്രങ്ങളിലൂടെയും രജനികാന്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചു. 2010 ന് ശേഷം റിലീസ് ചെയ്ത രജനികാന്ത് ചിത്രങ്ങൾ ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തിയിരുന്നില്ല. 2016-2018 വർഷങ്ങളിൽ കബാലി, കാല തുടങ്ങി സ്ഥിരം ശൈലിയിൽ നിന്ന് മാറിയ രജനികാന്തിന്റെ ചിത്രങ്ങൾ വന്നെങ്കിലും ആരാധകർ പ്രതീക്ഷിക്കുന്ന രജനി പഞ്ച് ലഭിച്ചില്ല. എന്നാൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട പക്ക രജനി ഫാൻ ബോയ് ചിത്രമായിരുന്നു.

ഇതിനിടെയാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാവുന്നത്. 2020 ഡിസംബർ മൂന്നിന് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ഡിസംബർ 31ന് പാർട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും ജനുവരി മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നുമാണ് അന്നത്തെ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നത്.

ഫാൻസ് ഗ്രൂപ്പുകളെയാണ് രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടുത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രജനിയുടെ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി ബി.ജെ.പി മുൻ നേതാവ് അർജുന മൂർത്തിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ തുടങ്ങി. കൂടാതെ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരിൽ പലർക്കും ബി.ജെ.പി പശ്ചാത്തലമാണുള്ളതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


rajnikanth

രജനികാന്തിനായി ഇത്രയും നാൾ പ്രയത്‌നിച്ചവരെയും കൂടെ നിന്നവരെയും ഒഴിവാക്കി കൊണ്ടാണ് പാർട്ടി രൂപീകരണം നടക്കുന്നതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഇത് ഫാൻസ് അസോസിയേഷനുകൾക്കുള്ളിൽ നിന്നുവരെ എതിർപ്പുകൾക്ക് കാരണമായി. ഇതിനിടെ ആരോഗ്യപ്രശ്‌നങ്ങൾ കൂടി ബാധിച്ചതോടെ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും 2021 ജൂലൈ 12-ന് രജനി മക്കൾ മന്ദ്രം (ആർഎംഎം) പിരിച്ചുവിടുകയും ചെയ്തു. ഭാവിയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് പദ്ധതിയില്ലെന്നും രജനി പറഞ്ഞു. മുമ്പ് വലിയ ഇടവേളകളെടുത്ത് സിനിമ ചെയ്തിരുന്ന താരം 2016 തൊട്ട് വർഷത്തിൽ ഒരു സിനിമ വീതമെങ്കിലും ചെയ്തു തുടങ്ങി. എന്നാൽ പിന്നീട് എത്തിയ ദർബാർ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങൾ ബോക്‌സോഫീസിൽ വൻ നിരാശ സമ്മാനിച്ചു.

രജനിയുടെ കാലം കഴിഞ്ഞെന്ന ചർച്ചകൾ തമിഴ്‌നാട്ടിൽ വീണ്ടും സജീവമായപ്പോഴാണ് ജയിലർ എന്ന ചിത്രവുമായി നെൽസൺ എത്തുന്നത്. രജനികാന്തിനൊപ്പം വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങൾ കൂടി ഒന്നിച്ചെത്തിയ ചിത്രം ബോക്‌സോഫീസിൽ വൻ വിജയമായി. ഏറ്റവുമൊടുവിൽ ഇറങ്ങിയ വേട്ടയ്യന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.


rajnikanth

കമൽഹാസന് ഏറ്റവും വലിയ തിരിച്ചുവരവ് സമ്മാനിച്ച ലോകേഷ് കനകരാജ് രജനിക്കൊപ്പം ഒന്നിക്കുമ്പോൾ എന്ത് മാജിക്കാണ് ഒരുക്കുന്നതെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഓരോ തവണ രജനിയുഗം അവസാനിച്ചെന്ന് പറയുമ്പോഴും അപ്പോളൊക്കെയും ബോക്‌സോഫീസിനെ വിറപ്പിച്ചുകൊണ്ട് രജനികാന്ത് എത്തിയിട്ടുണ്ട്. ഇനി ആരൊക്കെ വന്നാലും പോയാലും തമിഴ് സിനിമയുടെ അല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ഒരേ ഒരു സൂപ്പർ സ്റ്റാർ അയാളാണ്. അയാൾക്ക് മാത്രം സിനിമ ആരാധകർ ചില ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്, നൂറ് പേരെ വെള്ളിത്തിരയിൽ തല്ലി താഴെയിട്ടാലും സിനിമ പ്രേമികൾക്ക് അത് വിശ്വസനീയമാണ്. കാരണം അയാൾ രജനികാന്താണ്…

ആരാധകരുടെ സൂപ്പർ സ്റ്റാറാണ്.

Content Highlights: Super Star Rajinikanth Real Life story Birthday Special

dot image
To advertise here,contact us
dot image