
ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടുമൊരു മലയാളി സാന്നിധ്യം. മിന്നു മണിയുടെ വയനാട്ടിൽ നിന്ന് വീണ്ടുമൊരു വനിത വനിതാ ഐപിഎൽ കളിക്കാനൊരുങ്ങുന്നു. താരലേലത്തിൽ 15 ലക്ഷം രൂപയ്ക്കാണ് സജന സജീവനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വയനാട് മാനന്തവാടി സ്വദേശിനി സജനയ്ക്ക് കായിക മേഖലയിൽ പ്രധാനമായി ക്രിക്കറ്റ് കുട്ടിക്കാലം മുതൽ പരിചിതമാണ്. എന്നാൽ കൗമാരത്തിലേക്ക് എത്തിയപ്പോൾ സജനയുടെ ക്രിക്കറ്റ് പ്രേമം നാട്ടിൽ സംസാര വിഷയമായി. ഈ പെൺകുട്ടി ഇങ്ങനെ ആൺകുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിച്ച് നടക്കുന്നത് ശരിയല്ലെന്ന് നാട്ടുകാർ തീരുമാനിച്ചു.
പിറന്നാൾ ദിനങ്ങളിൽ ബാറ്റും ബോളുമാണ് സജനയ്ക്ക് സമ്മാനമായി ലഭിച്ചിരുന്നത്. പ്ലാസ്റ്റിക് ബോളും തെങ്ങിൻ മടൽ കൊണ്ടുണ്ടാക്കിയ ബാറ്റും വെച്ചാണ് സജന ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. പിതാവ് സഞ്ജീവൻ മകൾക്ക് ബാറ്റുകൾ ഉണ്ടാക്കി നൽകുമായിരുന്നു. ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് സജീവൻ. പതിയെ പതിയെ കോർക്ക് പന്തിലേക്കും തടികൊണ്ട് നിർമ്മിച്ച ബാറ്റിലേക്കും സജനയുടെ ക്രിക്കറ്റ് ജീവിത്തിന് മാറ്റമുണ്ടായി.
പ്ലസ്ടുവിന് പഠിക്കമ്പോഴാണ് സജന ക്രിക്കറ്റ് ഗൗരവമായി കാണാൻ തുടങ്ങിയത്. സ്കൂളിലെ കായിക അദ്ധ്യാപിക എൽസമ്മ ടീച്ചർ സജനയുടെ മുന്നിൽ ക്രിക്കറ്റിന്റെ യഥാർത്ഥ ലോകം തുറന്നുകൊടുത്തു. എൽസമ്മ ടീച്ചറിന്റെയും മകൾ അനുമോളിന്റെയും സഹായത്തോടെ സജന ക്രിക്കറ്റിന്റെ പ്രൊഫഷണൽ മുഖത്തേയ്ക്ക് എത്തി. 17-ാം വയസിൽ ആദ്യമായി കേരള ക്രിക്കറ്റിലേക്ക് സിലക്ഷന് പോയെങ്കിലും പരാജയപ്പെട്ടു. എന്നാൽ തൊട്ടടുത്ത വർഷം സജനയെ തിരസ്കരിക്കാൻ കേരളാ ക്രിക്കറ്റിന് കഴിഞ്ഞില്ല.
ആദ്യ മത്സരം ചെന്നൈയിൽ ഹൈദരാബാദിനെതിരെ ആയിരുന്നു. നാല് പന്തിൽ ഒരു റൺസ് മാത്രം ജയത്തിനായി വേണ്ടിയിരുന്ന കേരളത്തെ ബൗണ്ടറിയിലൂടെ സജന വിജയിപ്പിച്ചു. പിന്നീട് സജനയ്ക്ക് തിരിച്ചുനോക്കേണ്ടി വന്നിട്ടില്ല. ബിസിസിഐയുടെ മികച്ച ബൗളർമാരുടെ ലിസ്റ്റിൽ മലയാളി താരം ഇടം പിടിച്ചിട്ടുണ്ട്. 2015 കേരള ക്രിക്കറ്റിലെ മികച്ച വനിതാ താരവും സജന ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ആരാധിക കൂടിയാണ് സജന. 2013-14ൽ റെയിൽവേസിനെതിരെ 22 പന്തിൽ 38 റൺസെടുത്തപ്പോൾ മിതാലി മലയാളി താരത്തെ അഭിനന്ദിച്ചിട്ടുണ്ട്.