Top

'വലിയ ചെയ്ത്ത് ആയി പോയെന്ന് പറഞ്ഞു'; മോഹൻലാൽ തന്ന പണിയുടെ കഥയുമായി മുകേഷ്

ഇതായിരുന്നു ആ കാലഘട്ടത്തിലെ ഗിവ് ആൻഡ് ടേക്ക്. ഒരാൾ ഒരു തമാശ കാണിച്ചാൽ അതിന്റെ കൂടെ നിൽക്കുന്ന നടന്മാരാരായിരുന്നു ഏറിയ പങ്കും.

21 Oct 2021 3:07 PM GMT
ഫിൽമി റിപ്പോർട്ടർ

വലിയ ചെയ്ത്ത് ആയി പോയെന്ന് പറഞ്ഞു; മോഹൻലാൽ തന്ന പണിയുടെ കഥയുമായി മുകേഷ്
X

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് മോഹൻലാൽ- മുകേഷ് കൂട്ടുകെട്ട്. സിനിമയ്ക്ക് പുറത്തും ഇരുവരും ഒന്നിക്കുമ്പോൾ രസകരമായ നിമിഷങ്ങൾ പിറക്കാറുണ്ട്.

ഇപ്പോഴിതാ കുറച്ച് കാലങ്ങൾക്ക് മുൻപുണ്ടായ ഒരു രസകരമായ കഥ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. ഒരു സ്റ്റേജ് ഷോയ്ക്കായി അമേരിക്കയിൽ പോയപ്പോൾ മോഹൻലാൽ തനിക്ക് തന്ന ഒരു പണിയെക്കുറിച്ചാണ് മുകേഷ് പറയുന്നത്. തങ്ങളുടെ സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്ന കഥ അദ്ദേഹം തന്റെ യൂട്യൂബ് ചാനളിലൂടെയാണ് പങ്കുവെച്ചത്.

മുകേഷിന്റെ വാക്കുകൾ:

ഒരു വിചിത്രമായ കഥയാണ്. വളരെ വർഷങ്ങൾക്ക് മുൻപ് ഒരു ബ്രഹ്മാണ്ഡ പരിപാടി അമേരിക്കയിൽ അവതരിപ്പിക്കാനാനുള്ള ഭാഗ്യമുണ്ടായി. മോഹൻലാലിന്റെ നേതൃത്വത്തിൽ പ്രിയദർശൻ സംവിധാന മേൽനോട്ടം, രാജീവ് കുമാർ, ജയറാം, കെപിഎസി ലളിത ചേച്ചി, ശോഭന, നഗ്മ ഉൾപ്പടെയുള്ള വലിയ സംഘമാണ് പോകുന്നത്. അതുകൊണ്ട് തന്നെ വിസയുടെ ചില നൂലാമാലകൾ ഉണ്ട്. എല്ലാ പ്രവർത്തകരും ഒന്നിച്ച് മദ്രാസിലുള്ള അമേരിക്കൻ എംബസിയിൽ വന്നിരിക്കുകയാണ്. എല്ലാവരും അറിയപ്പെടുന്ന താരങ്ങൾ തന്നെ ആയതിനാൽ മറ്റ് തടസങ്ങൾ ഒന്നും തന്നെ ഇല്ലാതെ എംബസി നടപടികൾ പുരോഗമിച്ചു.

അപ്പോൾ ചെറിയ ഒരു പ്രശ്‌നം ഉണ്ടായി. ലളിത ചേച്ചി രണ്ടു മക്കൾക്കൊപ്പമാണ് വന്നത്. രണ്ടുപേരും യുവാക്കൾ ആയതിനാൽ വിസ ലഭിക്കുന്നതിൽ തടസ്സം നേരിട്ടു. അവർ പഠനത്തിനായി അമേരിക്കയിൽ തന്നെ തങ്ങിയാലോ എന്നതാണ് കാരണം. മക്കൾ ഇല്ലാതെ വരില്ലെന്ന് ലളിത ചേച്ചി. എന്ത് ചെയ്യുമെന്ന ചിന്തയിലായി എല്ലാവരും. ലളിത ചേച്ചിക്ക് പകരം മറ്റൊരാളെ പഠിപ്പിച്ച് കൊണ്ടുപോവുക എന്നത് ഇനി ബുദ്ധിമുട്ടാകും എന്ന് ഞാൻ പ്രിയനോടും മോഹൻലാലിനോടും പറഞ്ഞു. പല തവണ ഞങ്ങൾ സംസാരിച്ചെങ്കിലും ഒന്നും നടന്നില്ല.

അപ്പോൾ അതിന്റെ പ്രധാന ഉദ്യോഗസ്ഥൻ കാര്യം അറിഞ്ഞു. അദ്ദേഹം ഒരു മോഹൻലാൽ ആരാധകൻ ആയിരുന്നു. അദ്ദേഹം ഒരു ഫോർമുലയുമായി വന്നു. ലിസ്റ്റിൽ ഉള്ള എല്ലാവരെയും കൊണ്ടുപോകാം പക്ഷേ മോഹൻലാൽ ലീഡർ ആയിരിക്കുന്ന സ്ഥിതിയ്ക്ക് ആരെങ്കിലും ഒരാൾ അവിടെ താങ്ങിയാൽ മോഹൻലാലിനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തും.

മോഹൻലാൽ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ കയറി ഓക്കേ പറഞ്ഞു. ഓഫീസർ കയറ്റി വിടാനും സമ്മതിച്ചു. എല്ലാവർക്കും സന്തോഷമായി. പ്രിയൻ മാത്രം വല്ലാത്ത ഒരു ചിരി ചിരിച്ചു. മോഹൻലാൽ അത്ര വലിയ സന്തോഷത്തിൽ അല്ല.

മോഹൻലാൽ ഓഫീസറുടെ മുറിയിൽ പോയി എല്ലാവർക്കുമുള്ള വിസ ശരിയാക്കി തിരിച്ചു വന്നു. കാറിൽ കയറിയപ്പോൾ അദ്ദേഹം എന്റെ ചെവിയിൽ പറഞ്ഞു. കാര്യമൊക്കെ ശരി തന്നെ നീയൊന്നു ശ്രദ്ധിക്കണം. ഇവർ എല്ലാവരും തിരിച്ചു വരണം ഇല്ലെങ്കിൽ നിനക്ക് കുഴപ്പമാണ്. എനിക്ക് സംശയമായി. എന്ത് കുഴപ്പമെന്ന് ഞാൻ ചോദിച്ചു. അകത്ത് കയറിയപ്പോൾ തനിക്ക് എല്ലാവരെയും ശ്രദ്ധിക്കാൻ പറ്റുകയില്ല. അതിനാൽ മുകേഷിന്റെ കൂടെ പേര് ചേർക്കണമെന്ന് പറഞ്ഞു. പിന്നീട് ടെന്ഷന്റെ ദിവസങ്ങളായിരുന്നു.

മോഹൻലാലിന്റെ ഒരു സ്വഭാവം എന്തെന്നാൽ നാട്ടിൽ വെച്ചും ഫ്ലൈറ്റിൽ വെച്ചും നമ്മുടെ തോളിൽ കയ്യിടലും സ്നേഹവുമൊക്കെ ആണെങ്കിലും പരിപാടി സ്ഥലത്ത് ചെന്നാൽ ആള് വേറെയാണ്. ആര് മണിയാകുമ്പോൾ നമ്മുടെ മുറിയിൽ വരും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയാണ്. പരിപാടി നന്നാവാനാണ്. അത് അദ്ദേഹത്തിന് ഒരു ലഹരിയാണ്.

ഡാൻസ് റിഹേഴ്സൽ സമയത്ത് ആരോ വന്നു പറഞ്ഞു ലളിത ചേച്ചിയും മകനും മാത്രമേയുള്ളു, മകൾ ഇവിടെ ഇല്ലെന്ന്. ഞാൻ കാര്യം മോഹൻലാലിനെ അറിയിച്ചു. ലാലിന് എന്നേക്കാൾ ടെൻഷൻ. എന്നോട് പോയി വിളിച്ചുകൊണ്ടുവരാണ് പറഞ്ഞു.

ഇതുപോലെ പല അവസരങ്ങളിലും ആരെയെങ്കിലും കാണാതിരിക്കുമ്പോൾ അദ്ദേഹം ഓടി വന്നു എന്നോട് പറയും.എന്റെ പേര് കൂടെ എഴുതി കൊടുക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന് ഞാൻ ചോദിച്ചു. പിന്നെ ഞാൻ മാത്രമോ പോടാ എന്ന് അദ്ദേഹത്തിന്റെ മറുപടിയും.

ആരെങ്കിലും മുങ്ങുന്നുണ്ടോ എന്ന് അറിയാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ മൂന്നു പരിപാടിയും ഗംഭീരമായി കഴിഞ്ഞു.പിറ്റേദിവസം രാവിലെ മോഹൻലാൽ എന്നെ വന്നു വിളിച്ചു . ഇനി എന്തെന്ന് ഞാൻ ചോദിച്ചു. മറ്റുള്ള എല്ലാവരും ഇന്ന് തിരികെ പോവുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ലിസ്റ്റ് നോക്കി ഫ്ലൈറ്റിൽ കയറുമ്പോൾ ലാൽ ഗിഫ്റ്റ് കൊടുത്തു.

മോഹൻലാൽ വളരെ കേറിങ് ആണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇത്ര ജാഗ്രത ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല എന്ന് എല്ലാവരും പറഞ്ഞു.ഫ്ലൈറ്റ് പൊങ്ങിയ ശേഷമാണ് ഞങ്ങൾ പോയത്. കാറിൽ ഇരിക്കുമ്പോൾ അദ്ദേഹം ഒരു സത്യം പറഞ്ഞു. ബ്ലാക്ക്‌ലിസ്റ്റിൽ തന്റെ പേര് മാത്രമേയുള്ളു എന്നും മുകേഷിന്റെ പേര് ഉണ്ടെന്ന പറഞ്ഞത് ചുമ്മാ ആണെന്നും പറഞ്ഞു. വലിയ ചെയ്ത്ത് ആയിപോയെന്ന് ഞാൻ പറഞ്ഞു. ഇതായിരുന്നു ആ കാലഘട്ടത്തിലെ ഗിവ് ആൻഡ് ടേക്ക്. ഒരാൾ ഒരു തമാശ കാണിച്ചാൽ അതിന്റെ കൂടെ നിൽക്കുന്ന നടന്മാരാരായിരുന്നു ഏറിയ പങ്കും.

Next Story

Popular Stories