കൈവിലങ്ങില്ലാതെ 'കൂളായി' ബാലമുരുകൻ; രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത് ചെക്ക് ഷര്‍ട്ട്; CCTV ദൃശ്യങ്ങൾ പുറത്ത്

തമിഴ്നാട് പൊലീസിൻ്റെ വീഴ്ച വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

കൈവിലങ്ങില്ലാതെ 'കൂളായി' ബാലമുരുകൻ; രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത് ചെക്ക് ഷര്‍ട്ട്; CCTV ദൃശ്യങ്ങൾ പുറത്ത്
dot image

തൃശൂര്‍: ക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകന്‍ ചാടിപ്പോയതില്‍ തമിഴ്‌നാട് പൊലീസിന്റെ വീഴ്ച വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. കൊലപാതക കേസിലടക്കം പ്രതിയായ ബാലമുരുകനെ കൈവിലങ്ങില്ലാതെ കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വളരെ കൂളായി ബാലമുരുകൻ നടന്നുപോകുന്നത് വീഡിയോയിൽ കാണാം. ഇതിൽ ബാലമുരുകൻ ധരിച്ചിരിക്കുന്നത് ഇളം നീലയും കറുപ്പും ചേർന്ന ചെക്ക് വസ്ത്രമാണ്. രക്ഷപ്പെടുമ്പോൾ കറുത്ത ഷർട്ടും വെള്ള മുണ്ടുമാണ് ബാലമുരുകൻ ധരിച്ചിരുന്നത് എന്നായിരുന്നു തമിഴ്നാട് പൊലീസ് കേരള പൊലീസിന് നൽകിയ വിവരം. പാലക്കാട് ആലത്തൂരിലെ ഹോട്ടലിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

തമിഴ്‌നാട് പൊലീസ് ബാലമുരുകനെ സ്വകാര്യ വാഹനത്തിലാണ് വിയൂരിലെത്തിച്ചതെന്നതും ഗുരുതര വീഴ്ചയാണ്. ജയില്‍ വളപ്പില്‍ ഒളിച്ചിരുന്ന ബാലമുരുകന്‍ രക്ഷപ്പെട്ടത് രണ്ടേമുക്കാലിനും മൂന്നരയ്ക്ക് ഇടയിലാണെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ ജയില്‍ ജീവനക്കാരന്റെ സൈക്കിള്‍ മോഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്.

കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. ഇന്നലെയായിരുന്നു ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന്റെ മുമ്പില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയത് വലിയ വീഴ്ചയായിരുന്നു. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. തിങ്കള്‍ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ രാത്രി 10.40 ഓടെയാണ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്.

Content Highlights: Tamilnadu Police give incorrect information about Balamurkuan to Kerala Police

dot image
To advertise here,contact us
dot image