

സിംബാബ്‍വെ ക്രിക്കറ്റ് താരം ഷോൺ വില്യംസിനെ ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം അധികൃതർ. താരത്തിന്റെ മയക്കുമരുന്ന് ആസക്തിയാണ് ദേശീയ ടീമിൽ നിന്ന് പുറത്താകാൻ കാരണമായത്. ഇതോടെ 39കാരനായ വില്യംസിൻ കരിയറിന് നാടകീയമായ അന്ത്യമായി. ദേശീയ ടീമിൽ തുടർന്ന് കളിക്കില്ലെന്ന് ഷോൺ വില്യംസും സിംബാബ്‍വെ ക്രിക്കറ്റിനെ അറിയിച്ചു.
അടുത്തിടെ ഐസിസി ട്വന്റി 20 ലോകകപ്പിന് മുന്നോടിയായ യോഗ്യതാ മത്സരത്തിൽ നിന്ന് ഷോൺ വില്യംസ് പിന്മാറിയിരുന്നു. താരം ദേശീയ ടീമിൽ നിന്ന് പിന്മാറിയതിന്റെ കാരണങ്ങൾ മനസിലാക്കാനായി നടത്തിയ ആഭ്യന്തര അന്വേഷണത്തിനിടെയാണ്, താൻ മയക്കുമരുന്ന് ആസക്തിയുമായി മല്ലിടുകയാണെന്ന് വില്യംസ് വെളിപ്പെടുത്തിയത്. പിന്നാലെ താരം സ്വമേധയാ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. സിംബാബ്‍വെ ക്രിക്കറ്റുമായി കരാറിലുള്ള എല്ലാ താരങ്ങളും പ്രൊഫഷണലിസവും അച്ചടക്കവും പാലിക്കണം. സിംബാബ്‍വെ ക്രിക്കറ്റ് പ്രസ്താവനയിൽ പ്രതികരിച്ചു.
രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് ഷോൺ വില്യംസ് അവസാനം കുറിച്ചിരിക്കുന്നത്. 2005ൽ സിംബാബ്‍വെയ്ക്കായി അരങ്ങേറ്റം കുറിച്ച വില്യംസ് 24 ടെസ്റ്റുകളും 164 ഏകദിനങ്ങളും 85 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റിലുമായി 9,000ത്തിലധികം റൺസും താരം സ്വന്തം പേരിലാക്കിയിരുന്നു. ഏതാനും മത്സരങ്ങളിൽ സിംബാബ്‍വെ ദേശീയ ടീമിന്റെ നായകന്റെ റോളിലും ഷോൺ കളിച്ചിട്ടുണ്ട്.
Content Highlights: Sean Williams reveals battle with drug addiction, Zimbabwe career ends abruptly