

മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ ഒരുക്കുന്ന സിനിമയാണ് 'L367'. ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാകും എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ഈ സിനിമ നിർമിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്ററിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള ചില സൂചനകൾ ഡീകോഡ് ചെയ്യുകയാണ് സിനിമാപ്രേമികൾ.
നേരത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ മേജർ രവിയുടെ സംവിധാനത്തിൽ ഒരു ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ പിന്നീട് ആ ചിത്രം ഡ്രോപ്പ് ആയി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ പുറത്തുവന്ന ഈ ചിത്രം ഓപ്പറേഷൻ സിന്ദൂറിനെ ആസ്പദമാക്കിയാണോ ഒരുങ്ങുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ 'L367' ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള സിനിമ അല്ലെന്നും ഓപ്പറേഷൻ ഗംഗയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ട്.
ഉക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ ഉക്രെയ്നിന് ചുറ്റുമുള്ള രാജ്യങ്ങളിൽ താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ദൗത്യമായിരുന്നു ഓപ്പറേഷൻ ഗംഗ. ഇപ്പോൾ ഈ ഓപ്പറേഷനെ അടിസ്ഥനമാക്കിയാണ് വിഷ്ണു മോഹൻ മോഹൻലാൽ സിനിമ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്. അനൗൺസ്‌മെന്റ് പോസ്റ്ററിൽ ചില ബ്രില്ല്യൻസുകളും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. 'L367' എന്ന് എഴുതിയിരിക്കുന്ന ഇടത്തിൽ ഒരു എയറോപ്ലെയിനെയും ഒപ്പം ഉക്രെയ്ൻ എന്ന് എഴിതിയിരിക്കുന്നതും കാണാം. ഇതോടെ ചിത്രം ഓപ്പറേഷൻ ഗംഗ എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

മോഹന്‍ലാലിന്‍റെ കരിയറിലെ 367-ാം ചിത്രമാവുന്ന ഈ സിനിമയ്ക്ക് എല്‍ 367 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.
Content Highlights: Is Mohanlal - vishnu mohan film L367 based on India's rescue operation Ganga? fans decode poster