ശരദ് പവാറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ്; നടി അറസ്റ്റില്‍
താനെ പോലീസിന്റെ ക്രൈം ബ്രാഞ്ച് നവി മുംബൈയില്‍ നിന്നാണ് നടിയെ അറസ്റ്റ് ചെയ്തത്
15 May 2022 6:49 AM GMT
ഫിൽമി റിപ്പോർട്ടർ

എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തിയ മറാത്തി നടി കേതകി ചിതാലെ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ശരദ് പവാറിനെ സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് നടിക്കെതിരെ കേസ് എടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. താനെ പോലീസിന്റെ ക്രൈം ബ്രാഞ്ച് നവി മുംബൈയില്‍ നിന്നാണ് നടിയെ അറസ്റ്റ് ചെയ്തത്.
പോസ്റ്റില്‍ പവാറിന്റെ കുടുംബപ്പേരും 80 വയസ്സും മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. പവാറിന് ഇപ്പോള്‍ 81 വയസ്സാണ്. 'നരകം കാത്തിരിക്കുന്നു. നിങ്ങള്‍ ബ്രാഹ്മണരെ വെറുക്കുന്നു' എന്നിങ്ങനെയുള്ള വാക്യങ്ങള്‍ പോസ്റ്റില്‍ ഉള്‍പ്പെടുന്നു. ശിവസേനക്കും കോണ്‍ഗ്രസിനുമൊപ്പം മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്ന പവാറിനെ പരാമര്‍ശിക്കുന്നതായിരുന്നു കുറിപ്പ് എന്നാണ് ആരോപണം.
സംഭവത്തില്‍ കേതകി ചിതാലയെ അറിയില്ലെന്നാണ് ശരദ് പവാറിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്ന് ആരോപിക്കപ്പെടുന്നതിനെക്കുറിച്ചും അറിയില്ലെന്ന് പവാര്‍ പറഞ്ഞു. നടി പങ്കുവച്ച് പോസ്റ്റ് മറ്റാരോ എഴുതിയതാണെന്നാണ് കരുതുന്നത്. എന്‍സിപി പ്രവര്ത്തകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെയിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Story Highlights; Marathi Actress Arrested For 'Derogatory Facebook Post' On Sharad Pawar