

മാലിക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഒരു ഷോട്ട് എടുക്കുന്നതില്‍ കമല്‍ ഹാസന്‍ സഹായിച്ചതിനെക്കുറിച്ച് ഫഹദ് ഫാസിൽ. മാലിക്ക് ഷൂട്ട് ചെയ്യുമ്പോള്‍ കടലില്‍ ഒരു സീക്വന്‍സ് ഷൂട്ട് ചെയ്യണമായിരുന്നുവെന്നും ശരിയാകാതെ വന്നപ്പോൾ മഹേഷും താനും കമൽ സാറിനെ വിളിച്ച് സഹായം ചോദിച്ചെന്ന് പറഞ്ഞു. പുതിയ സിനിമയായ ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്ന സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
'ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ തമിഴ് ഡബ്ബ് വേര്‍ഷന്റെ റിലീസിനായി വന്നപ്പോള്‍ കമൽ സാറിനെ ട്രെയ്‌ലര്‍ കാണാനായി ക്ഷണിച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം അവിടെ ചിലവഴിച്ചു. കമല്‍ സാറിനെ എപ്പോള്‍ കണ്ടാലും അദ്ദേഹം മിനിമം രണ്ട് മൂന്ന് മണിക്കൂറെങ്കിലും സംസാരിക്കും. മാലിക്ക് ഷൂട്ട് ചെയ്യുമ്പോള്‍ കടലില്‍ ഒരു സീക്വന്‍സ് ഷൂട്ട് ചെയ്യണമായിരുന്നു. എത്ര ചെയ്തിട്ടും അത് ശരിയാവുന്നില്ല. അങ്ങനെ നായകന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം എങ്ങനെയായിരിക്കും ഇത് ചെയ്തിട്ടുണ്ടാകുക എന്ന് ആലോചിച്ച് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹമാണ് ബോട്ട് ഒരു പ്രത്യേക ദിശയിലേക്ക് ഓടിച്ച് ക്യാമറ അതിന്റെ ഓപ്പോസിറ്റ് വെച്ച് ഷൂട്ട് ചെയ്യാന്‍ പറഞ്ഞത്. അങ്ങനെയാണ് അന്ന് ഷൂട്ട് ചെയ്തത്', ഫഹദ് പറഞ്ഞു.
അതേസമയം, കമൽ ഹാസനുമായി ഫഹദ് ഫാസിൽ ഒരുമിച്ച് അഭിനയിച്ച വിക്രം മെഗാ ബ്ലോക്ബസ്റ്റർ ആയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിൾ ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഫഹദ് ഫാസിൽ, ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.
Content Highlights: Fahadh Faasil talks about the experience with kamal haasan during malik shoot days