

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീതപ്രേമികളെ തന്റെ ദിവ്യമായ ശബ്ദത്താല്‍ ഭക്തിസാന്ദ്രമാക്കിയ ഭാരതരത്‌നം എം എസ് സുബ്ബുലക്ഷ്മിയുടെ ജീവിതകഥ പറയുന്ന ബിഗ് ബഡ്ജറ്റ് പാന്‍-ഇന്ത്യന്‍ ചിത്രത്തിന് ഔദ്യോഗിക തുടക്കം. പ്രശസ്ത നിര്‍മ്മാതാക്കളായ അല്ലു അരവിന്ദ് (ഗീതാ ആര്‍ട്‌സ്), റോക്ക് ലൈന്‍ വെങ്കിടേഷ് (റോക്ക് ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്), ബണ്ണി വാസ് (വിഎ4 എന്റര്‍ടെയ്ന്‍മെന്റ്‌സ്) എന്നിവര്‍ സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 'നാഷണല്‍ ക്രഷ്' രശ്മിക മന്ദാന എം എസ് സുബ്ബുലക്ഷ്മിയായി വേഷമിടുമ്പോള്‍, പ്രശസ്ത സംവിധായകന്‍ ഗൗതം തിന്നനുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത ലോകത്ത് തരംഗമായ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് ഈണം പകരുന്നത്.
എം എസ് സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാര്‍ഷിക ദിനത്തില്‍ ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ മ്യൂസിക് അക്കാദമിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഗ്രാന്റ് ലോഞ്ച് ചടങ്ങുകള്‍ നടന്നത്. ഉലകനായകന്‍ കമല്‍ഹാസന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ആദ്യ ക്ലാപ്പ് അടിച്ചു. എം എസ് സുബ്ബുലക്ഷ്മിയുടെ കുടുംബാംഗങ്ങള്‍, പ്രശസ്ത കര്‍ണാടക സംഗീതജ്ഞര്‍, സിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.
'തന്റെ ശബ്ദത്തിലൂടെ ഇന്ത്യയെ ഒന്നിച്ചു നിര്‍ത്തിയ സംഗീത ഇതിഹാസമാണ് എം എസ് സുബ്ബലക്ഷ്മി അമ്മ. സംസ്‌കൃതം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ അവര്‍ പാടി. ഏത് ഭാഷയില്‍ പാടിയാലും അതിന്റെ ഭംഗി ഇരട്ടിയാക്കാന്‍ അവരുടെ സംഗീതത്തിന് കഴിഞ്ഞു. മഹാത്മാഗാന്ധി പോലും അവരുടെ സംഗീതത്തിന്റെ വലിയൊരു ആരാധകനായിരുന്നു. ഇങ്ങനെയൊരു മഹത്തായ പ്രൊജക്റ്റ് ഏറ്റെടുത്ത നിര്‍മ്മാതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ എല്ലാവിധ ആശംസകളും.', കമല്‍ ഹാസന്‍ പറഞ്ഞു.
'ഒരു നടി എന്ന നിലയില്‍ എന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണിത്. എം എസ് അമ്മയുടെ 110-ാം ജന്മവാര്‍ഷികത്തില്‍ എന്റെ പ്രണാമം അര്‍പ്പിക്കുന്നു. അവരുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. ഈ കഥാപാത്രത്തെ സ്‌ക്രീനില്‍ പൂര്‍ണ്ണതയോടെ എത്തിക്കാന്‍ എന്റെ നൂറു ശതമാനം ആത്മാര്‍ത്ഥതയും നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.', രശ്മിക മന്ദാന പറയുകയുണ്ടായി.
'കഴിഞ്ഞ ഒരു വര്‍ഷമായി എം എസ്. അമ്മയുടെ പേര് ഞങ്ങളുടെ ടീമിന് ഒരു മന്ത്രമാണ്. അവര്‍ കേവലം ഒരു ഗായിക മാത്രമല്ല, വലിയ സ്വപ്നങ്ങള്‍ കാണുകയും പ്രതിസന്ധികളെ ധീരമായി തരണം ചെയ്യുകയും ചെയ്ത ശക്തയായ ഒരു സ്ത്രീയായിരുന്നു. ആജീവനാന്ത അച്ചടക്കത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഒരാള്‍ക്ക് എങ്ങനെ മഹത്വം നേടാം എന്ന് ഈ സിനിമയിലൂടെ ഇന്നത്തെ തലമുറയ്ക്ക് കാണിച്ചുകൊടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' സംവിധായകന്‍ ഗൗതം തിന്നനുരി വ്യക്തമാക്കി.
'എം എസ് അമ്മയുടെ പാരമ്പര്യത്തെയും ഇന്നത്തെ തലമുറയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.', നിര്‍മ്മാതാവ് അല്ലു അരവിന്ദ് പറഞ്ഞു. 'എന്റെ നിര്‍മ്മാണ ജീവിതത്തില്‍ 25-ഓളം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതിലൂടെ ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള എന്റെ കരിയറിന് പൂര്‍ണ്ണത ലഭിച്ചതായി ഞാന്‍ കരുതുന്നു.', നിര്‍മ്മാതാവ് ബണ്ണി വാസ് പറയുകയുണ്ടായി.
'കഴിഞ്ഞ 7-8 വര്‍ഷത്തെ ഗവേഷണത്തിനും പരിശ്രമത്തിനും ശേഷമാണ് ഈ ചിത്രം സാധ്യമാകുന്നത്. എം.എസ്. അമ്മയുടെ കഥാപാത്രത്തിന് പൂര്‍ണ്ണമായും അനുയോജ്യ രശ്മിക മന്ദാന തന്നെയാണ്.', നിര്‍മ്മാതാവ് റോക്ക് ലൈന്‍ വെങ്കിടേഷ് പറഞ്ഞു.
ചടങ്ങില്‍ നടി സുഹാസിനി, നടന്‍ ശിവകുമാര്‍, സംവിധായകന്‍ മഹേന്ദ്രന്‍, സമുദ്രക്കനി, നിര്‍മ്മാതാക്കളായ കലൈപ്പുലി എസ്. താണു, രാജേന്ദ്രന്‍, കാട്രഗഡ്ഡ പ്രസാദ്, എം.എസ്. സുബ്ബലക്ഷ്മിയുടെ പേരക്കുട്ടി ചന്ദ്രശേഖര്‍, ഭാര്യ മാല തുടങ്ങി ചലച്ചിത്ര-സംഗീത രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
Content Highlights: MS - A Legacy on Screen', the biopic of M.S. Subbulakshmi, was launched with the ceremonial clap by 'Ulaganayagan' Kamal Haasan. Rashmika Mandanna plays the role of Subbulakshmi.