

ആശ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ അവതാരക ഇംഗ്ലിഷ് സംസാരിച്ചതിനെ കുറിച്ച് നടി ഉർവശി വേദിയിൽ നടത്തിയ പ്രതികരണം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉർവശിയെ അനുകൂലിച്ചാണ് ചിലർ രംഗത്ത് എത്തിയതെങ്കിൽ അവതാരകയെ അപമാനിച്ച് സംസാരിച്ചത് ശരിയായില്ലെന്നും നടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. നിർമാതാവും നടൻ പൃഥ്വിരാജിന്റെ ജീവിതപങ്കാളിയുമായ സുപ്രിയ മേനോൻ വരെ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വേദിയിൽ സംഭവിച്ചതിന്റെ യഥാർത്ഥ വസ്തുത വ്യക്തമാക്കി നടി ഉർവശി. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘നമ്മൾ ഒരു കാര്യം വേദിയിൽ പറഞ്ഞതിന്റെ വീഡിയോയുടെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോൾ ആളുകൾ സത്യമറിയാതെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ജോലിയൊന്നുമല്ലല്ലോ എനിക്ക്. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്നാൽ, ഞാൻ സ്റ്റേജിൽ ഇരുന്ന് ഒരു ഭാഗത്തേക്ക് നോക്കിയപ്പോൾ പ്രായമായ ഒരു അമ്മയും അവരുടെ കുടുംബവും നിൽക്കുന്നുണ്ടായിരുന്നു.
ആ സമയത്ത് അവതാരകയായ കുട്ടി ഇംഗ്ലീഷിൽ ഐശ്വര്യ ലക്ഷ്മിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ആ അമ്മ അവിടെ നിന്ന് മലയാളത്തിൽ സംസാരിക്കുമോ എന്ന് ആംഗ്യം കാണിച്ചു പറയുന്നുണ്ടായിരുന്നു. ആ സമയത്ത് അത് കണ്ട് അവതാരകയോട് നേരിട്ട് മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞാൽ അതിന്റെ അർത്ഥം അവിടെ മാറും.

ആ കുട്ടി ആദ്യമായിട്ടാണ് ആങ്കറിങ് ചെയ്യുന്നത്, എന്നിട്ടും വേദിയിലുള്ളവരെ കൃത്യമായി മനസിലാക്കി വളരെ ഭംഗിയായിട്ടാണ് തന്റെ ജോലി ചെയ്തത്. നല്ല സെൻസ് ഓഫ് ഹ്യൂമറൊക്കെയുള്ള ആ കൊച്ചിനോട് ഞാൻ ഈ കാര്യം തമാശയായി പറഞ്ഞപ്പോൾ, ഐ ആം ദി സോറി ചേച്ചി എന്ന് തമാശ രൂപേണ എന്നെപ്പോലെ തന്നെ അനുകരിച്ച് സംസാരിച്ചു. അതൊക്കെ കേട്ടപ്പോൾ നമുക്കും ഒരു എനർജിയായി, അതിനാൽ തിരിച്ചും ഇവളോട് ഒരു തമാശ പറയണമല്ലോ എന്ന് കരുതി ഞാനും അന്ന് തിരിച്ചു തമാശയൊക്കെ പറഞ്ഞു. പക്ഷേ പ്രചരിച്ച വീഡിയോകളിൽ ആ ഭാഗങ്ങളൊന്നും വരുകയോ ഉൾപ്പെടുകയോ ചെയ്തിട്ടില്ല,’ ഉർവശി പറഞ്ഞു.
Content Highlights: Actress Urvashi addresses the controversy over her remark about asking someone to speak in Malayalam and explains the context behind her statement.